ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബില്ലിനെ വിമർശിച്ച് ആം ആദ്‌മി പാർട്ടി (Aam Aadmi Party). ബിജെപിക്ക് ഇന്ത്യൻ ചീഫ് ജസ്‌റ്റിസിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് സുപ്രീം കോടതി വിധിയെ മറികടന്ന് മറ്റൊരു ബില്ല് കൊണ്ടുവന്നതെന്ന് എഎപി പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടേയും (CEC) മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടേയും (ECs) നിയമനം, സേവന വ്യവസ്ഥകൾ, കാലാവധി എന്നിവ നിയന്ത്രിക്കുന്നതാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബില്ല്.
ഇന്ത്യൻ ചീഫ് ജസ്‌റ്റിസ്, പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന പാനലിനെയാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ തെരഞ്ഞെടുക്കുന്നതിനായി സുപ്രീം കോടതി തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിൽ നിന്ന് ചീഫ് ജസ്‌റ്റിസിനെ മാറ്റി ക്യാബിനറ്റ് മന്ത്രിയെ നിയോഗിക്കണമെന്നാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബില്ലിൽ പറയുന്നത്. അതേസമയം, ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയുടെ ജുഡീഷ്യറിയിലും ക്യാബിനറ്റിലും പ്രധാനമന്ത്രിയിലും ഇത്തരമൊരു അവിശ്വാസം പ്രകടമാക്കുന്നതെന്ന് ഡൽഹി ക്യാബിനറ്റ് മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഡൽഹി സേവന ബില്ല് : ഇതിന് മുൻപ് ഡൽഹിയിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട ഡൽഹി സേവന ബില്ലിലും സുപ്രീംകോടതി ഉത്തരവ് മറികടന്നാണ് കേന്ദ്ര സർക്കാർ പുതിയ ബില്ല് അവതരിപ്പിച്ചത്. മെയ് 11 നായിരുന്നു തെരഞ്ഞെടുക്കപ്പെട്ട ഡൽഹി സർക്കാരിന് ഡൽഹിയിലെ നിയമനങ്ങളിലും സേവനങ്ങളിലും അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചത്. എന്നാൽ ഉത്തരവ് വന്ന് എട്ട് ദിവസങ്ങൾക്കുള്ളിൽ ഡൽഹി സർക്കാരിന്‍റെ അധികാരം വെട്ടിക്കുറക്കുന്ന തരത്തിൽ കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരികയായിരുന്നു.
Also Read : Delhi Services Bill| ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയിലും പാസായി; 131 പേര്‍ ബില്ലിനെ അനുകൂലിച്ചു
തെരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര സ്വാധീനത്തിൽ : അന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രധാനമന്ത്രിയ്‌ക്ക് സുപ്രീം കോടതിയിൽ വിശ്വാസമില്ലെന്ന് പറഞ്ഞിരുന്നു. അതേസമയം, കേന്ദ്ര സർക്കാരിന്‍റെ സ്വാധീനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ സൗരഭ്, കമ്മിഷന്‍റെ നിഷ്‌പക്ഷത കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചോദ്യം ചെയ്യപ്പെടുന്നതായി ആരോപിച്ചു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിയുടെ അവസാന റാലി തീരും വരെ കമ്മിഷൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പരാമർശിച്ചു.
രാജ്യമെമ്പാടും ബഹുമാനത്തോടെ കാണുന്ന, രാജ്യത്ത് സ്വതന്ത്രമായി നിലകൊള്ളുന്ന ജുഡീഷ്യറിയെ പ്രധാനമന്ത്രി വിശ്വസിക്കാത്തത് രാജ്യത്തെ നിർഭാഗ്യകരമാണ്. പൊലീസ്, സിബിഐ, ആദായനികുതി, ഇഡി, തിരഞ്ഞെടുപ്പ് കമ്മിഷൻ തുടങ്ങിയവയെ ഭീഷണിപ്പെടുത്തി കേന്ദ്ര സർക്കാർ ഇഷ്‌ടാനുസരണം പ്രവർത്തിക്കുന്നുവെന്ന് ആക്ഷേപമുള്ളതായും അദ്ദേഹം പറഞ്ഞു. കേന്ദ്രം കൊണ്ടുവന്ന ബില്ലിനെതിരെ കഴിഞ്ഞ ദിവസം കോൺഗ്രസും പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടിയിരുന്നു.
Read More : Election Commissioners Selection Bill| തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമന ബില്ല് : പ്രതിപക്ഷ പിന്തുണ തേടി കോൺഗ്രസ്