ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പുതിയ എയർലൈൻ ആയ ആകാശ എയർ അടുത്ത അഞ്ച് വർഷത്തിൽ 72 വിമാനങ്ങൾ ഉൾപ്പെടുത്തി ശക്‌തികൂട്ടാൻ ലക്ഷ്യമിടുന്നുവെന്ന് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിനയ് ദുബെ. അന്തരിച്ച പ്രമുഖ നിക്ഷേപകനും ആകാശയുടെ 45 ശതമാനം ഓഹരികളുടെ ഉടമയുമായ രാകേഷ് ജുൻജുൻവാലയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിസ്റ്റർ ജുൻജുൻവാലയ്‌ക്ക് നന്ദി, ഞങ്ങൾ എപ്പോഴും താങ്കളോട് നന്ദിയുള്ളവരായിരിക്കും. അടുത്ത അഞ്ച് വർഷത്തിൽ 72 വിമാനങ്ങൾ ഉൾപ്പെടുത്താൻ ശേഷിയുള്ള നല്ല മൂലധനമുള്ള എയർലൈനാണ് ആകാശ എയർ. ഓരോ രണ്ടാഴ്‌ച കൂടുമ്പോഴും ഒരു പുതിയ വിമാനം ചേർത്തുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ ശക്‌തി വളർത്തുന്നത് തുടരും. ഞങ്ങളുടെ യാത്രയിലെ സന്തോഷകരമായ ഈ നിമിഷത്തിലും ജുൻജുൻവാലയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു, വിനയ് ദുബെ പറഞ്ഞു.
രാജ്യത്തെ ഏറ്റവും മികച്ച വ്യോമയാന പ്രതിഭകളെ റിക്രൂട്ട് ചെയ്യുന്നതിൽ ജുൻജുൻവാല നൽകിയ പിന്തുണയിൽ ഞങ്ങൾ നന്ദിയുള്ളവരാണ്. ഒരിക്കലും തകരാത്ത, മികച്ച തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള ഒരു നേതൃത്വം ഞങ്ങൾക്ക് ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണികളിലൊന്നായി ഇന്ത്യയുടെ സാധ്യതകളെ രാകേഷ് ജുൻജുൻവാല തിരിച്ചറിഞ്ഞിരുന്നു... വിനയ് ദുബെ കൂട്ടിച്ചേർത്തു.
അൾട്രാ ലോ കോസ്റ്റ് എയർലൈൻസ് എന്ന വിശേഷണത്തോടെ ഓഗസ്‌റ്റ് 7-ന് മുംബൈ-അഹമ്മദാബാദ് റൂട്ടിൽ സർവീസ് നടത്തിക്കൊണ്ടാണ് ആകാശ എയർലൈൻസ് പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ വർഷം നവംബർ 26 ന് 72 മാക്‌സ് വിമാനങ്ങൾ വാങ്ങുന്നതിനുള്ള ആദ്യ വിമാന കരാറിൽ ബോയിങ്ങുമായി ആകാശ എയർലൈൻ ഒപ്പുവച്ചിരുന്നു. ഇതിൽ മൂന്ന് വിമാനങ്ങൾ ഇതിനകം ലഭിച്ചുകഴിഞ്ഞു.