ന്യൂഡല്‍ഹി: നിങ്ങളുടെ പക്കലുള്ള ആധാര്‍ കാര്‍ഡ് പത്തു വര്‍ഷം മുമ്പ് എടുത്തതാണോ?. ഇഷ്യൂ ചെയ്‌തത് മുതല്‍ ഇന്നേവരെ അപ്‌ഡേഷനുകള്‍ക്ക് വിധേയമാകാത്തതാണോ?. എങ്കില്‍ എത്രയും പെട്ടന്ന് അവ അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍റ് ഐടി മന്ത്രാലയം. ഡാറ്റാബേസിലെ വിവരങ്ങളിലുള്ള കൃത്യത ഉറപ്പാക്കാനാണ് പത്ത് വര്‍ഷം പിന്നിട്ട കാര്‍ഡുകള്‍ പരിഷ്‌കരിക്കാന്‍ യുണിക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ശ്രമം.
പഴയ ആധാറിന് എന്തു സംഭവിക്കും: നിലവില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ കീഴിലുള്ള 319 പദ്ധതികള്‍ ഉള്‍പ്പടെ 1,100ലധികം സര്‍ക്കാര്‍ പദ്ധതികളും സേവനങ്ങളും ആധാര്‍ എന്ന തിരിച്ചറിയല്‍ രേഖ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവരും ഉപഭോക്താക്കളുടെ അംഗീകൃത രേഖയായി ആധാര്‍ പരിഗണിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവിലുള്ള ആധാര്‍ കാര്‍ഡിന്‍റെ സ്വീകാര്യതയില്‍ സംശയമുദിക്കുന്നില്ലെന്നും കൂടുതല്‍ കൃത്യതയ്‌ക്കായി പരിഷ്‌കരിക്കാന്‍ മാത്രമാണ് അറിയിപ്പെന്നും മന്ത്രാലയം അറിയിക്കുന്നു.
എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം: മൈ ആധാര്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ അല്ലെങ്കില്‍ അടുത്തുള്ള ആധാര്‍ സേവ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ ഉപഭോക്താക്താക്കള്‍ക്ക് ആധാര്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിന് ഐഡി പ്രൂഫും വിലാസം തെളിയിക്കുന്ന രേഖയും സഹായരേഖയായി കരുതിയാല്‍ മതി. ഇവ അപ്‌ലോഡ് ചെയ്‌ത് വേഗത്തില്‍ തന്നെ ആധാര്‍ അപ്‌ഡേറ്റ് നടത്താനാകുമെന്നും മന്ത്രാലയം പ്രസ്‌താവനയില്‍ പറയുന്നു. അതേസമയം നിലവിലെ ഐഡന്റിറ്റി പ്രൂഫും വിലാസത്തിന്റെ തെളിവും ഉപയോഗിച്ച് ആധാറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നത് പൗരന്‍റെ താല്‍പര്യമാണെന്നും പ്രസ്‌താവന വ്യക്‌തമാക്കുന്നുണ്ട്.
പുതിയ കാല്‍വയ്‌പ്പ്: ആധാറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്‌ത് സൂക്ഷിക്കുന്നത് ജീവിത സൗകര്യത്തിനും മികച്ച സേവനത്തിനും കൃത്യമായ ആധികാരികതയ്‌ക്കും സഹായകമാണ്. എല്ലായ്‌പ്പോഴും പൗരന്മാരുടെ രേഖകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് യുഐഡിഎഐ പ്രോത്സാഹിപ്പിക്കുന്നുവെന്നും 2022 നവംബര്‍ ഒമ്പതിലെ ആധാർ (എൻറോൾമെന്റും അപ്‌ഡേറ്റും) പത്താം ഭേദഗതി പ്രകാരം ഇത് പുതിയൊരു ചുവടുവയ്‌പ്പാണെന്നും കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ആധാര്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്രം ; പുതിയ പരിഷ്‌കാരങ്ങള്‍ എന്തൊക്കെയെന്നറിയാം