ന്യൂഡൽഹി : 10 വർഷം കൂടുമ്പോൾ ആധാറിലെ വിവരങ്ങൾ പുതുക്കാനാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഇത് നിര്‍ബന്ധമല്ലെന്നും ആധാര്‍ ഉപയോഗിക്കുന്നവരെ വിവരങ്ങള്‍ പുതുക്കാന്‍ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്ര ഐടി മന്ത്രാലയം വ്യക്തമാക്കി. ആധാറുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു.
സെൻട്രൽ ഐഡന്‍റിറ്റീസ് ഡാറ്റ റിപ്പോസിറ്ററിയിലെ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനായി 10 വർഷത്തിലൊരിക്കല്‍ ആധാറിലെ വിവരങ്ങൾ പുതുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐടി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
തിരിച്ചറിയൽ രേഖ, മേൽവിലാസത്തിന്‍റെ രേഖ എന്നിവ സമർപ്പിച്ചുകൊണ്ടാണ് ആധാറിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത്. 10 വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ, ആധാർ അനുവദിക്കുന്ന സർക്കാർ ഏജൻസിയായ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കഴിഞ്ഞ മാസം നിർദേശം നൽകിയിരുന്നു.
ആധാർ എടുത്ത് 10 വർഷമായിട്ടും ഇതുവരെ വിവരങ്ങൾ പുതുക്കാത്തവരോടായിരുന്നു നിർദേശം. 134 കോടി ആധാർ നമ്പറുകൾ ഇതിനകം നൽകിയിട്ടുണ്ടെങ്കിലും ഭേദഗതിയ്ക്ക് ശേഷം വിവരങ്ങൾ പുതുക്കേണ്ട ഉടമകൾ എത്രയെന്നതിൽ നിലവിൽ വ്യക്തതയില്ല. കഴിഞ്ഞ വർഷം 16 കോടിയോളം ആധാർ ഉടമകൾ വിവിധ വിവരങ്ങൾ പുതുക്കിയിരുന്നു.
ആയിരത്തിലധികം കേന്ദ്ര, സംസ്ഥാന സർക്കാർ പദ്ധതികളിൽ ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനും അനാവശ്യ വിവരങ്ങൾ ഒഴിവാക്കുന്നതിനും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് സഹായിക്കുന്നു. ഇതിൽ 650 ഓളം പദ്ധതികൾ സംസ്ഥാന സർക്കാരുകളുടേതും 315 എണ്ണം കേന്ദ്ര സർക്കാരുകളുടേതുമാണ്. ഇവയെല്ലാം ആധാർ വിവരങ്ങളും ബയോമെട്രിക് സംവിധാനവും ഉപയോഗപ്പെടുത്തുന്നു.