ന്യൂഡൽഹി: ആധാര്‍ കാര്‍ഡിന്‍റെ ഫോട്ടോ കോപ്പികൾ ഒരു സ്ഥാപനവുമായും പങ്കിടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. ദുരുപയോഗം ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. ഫോട്ടോ കോപ്പികള്‍ക്ക് പകരം ആധാര്‍ നമ്പറിന്‍റെ അവസാന നാല് അക്കങ്ങൾ മാത്രം കാണിക്കുന്ന മാസ്‌ക്‌ഡ് ആധാർ (Masked Aadhaar) ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വേണം, യു.ഐ.ഡി.എ.ഐയില്‍ ലൈസന്‍സ്: ഇ ആധാർ ഡൗൺലോഡ് ചെയ്യുന്നതിന് ഇന്‍റര്‍നെറ്റ് കഫേ ഉള്‍പ്പടെയുള്ള പൊതു കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇങ്ങനെ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ആ കമ്പ്യൂട്ടറിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത ഇ ആധാര്‍ പകർപ്പുകള്‍ പൂര്‍ണമായും ഒഴിവാക്കണം. യുണിക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയില്‍ (യു.ഐ.ഡി.എ.ഐ) നിന്ന് യൂസര്‍ ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഒരു വ്യക്തിയുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ക്കുവേണ്ടി ആധാര്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ.
ഹോട്ടലുകള്‍, തിയേറ്ററുകള്‍ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ കാർഡിന്‍റെ പകർപ്പുകൾ ആളുകളില്‍ നിന്ന് വാങ്ങാനോ സൂക്ഷിക്കാനോ അനുവാദമില്ല. ആധാർ പകർപ്പ് ഇത്തരത്തിൽ നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നത്, ആധാർ ആക്‌ട് 2016 പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഒരു സ്വകാര്യ സ്ഥാപനം ആധാർ കാർഡ് ആവശ്യപ്പെട്ടാല്‍ അവർക്ക് യുണിക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയില്‍, ലൈസൻസ് ഉണ്ടോ എന്ന് പരിശോധിക്കണമെന്നും ഐ.ടി മന്ത്രാലയം വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചു.