അടിലബാദ് (തെലങ്കാന) : തെലങ്കാന ആർടിസി ബസിൽ യുവതിക്ക് സുഖപ്രസവം. അടിലബാദ് ജില്ലയിലാണ് സംഭവം. മഹാരാഷ്‌ട്രയിലെ ശിങ്കാരിവാഡ സ്വദേശിയായ മദാവി രത്‌നമാലയാണ് ബസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.
ഞായറാഴ്‌ച(27.06.2022) കുടുംബാംഗങ്ങൾക്കൊപ്പം യുവതി താമസിക്കുന്ന ഇന്ദ്രവേലിയിൽ നിന്ന് അടിലബാദിലേക്ക് പോകുംവഴിയാണ് സംഭവം. യാത്രക്കിടയിൽ രത്‌നമാലയ്‌ക്ക് പ്രസവ വേദന ഉണ്ടാകുകയും ഇത് അറിഞ്ഞ ബസ് ഡ്രൈവർ ഗുഡിഹാത്‌നൂർ സോണിലെ മണകാപൂരിൽ ബസ് നിർത്തുകയുമായിരുന്നു. ഡ്രൈവർ ആംബുലൻസിനെ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.
തുടർന്നാണ് യുവതി ബസിൽ പ്രസവിച്ചത്. ബസിൽ തന്നെ അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ആർടിസി ബസിൽ ജനിച്ച ആൺകുട്ടിക്ക് ജീവിതകാലം മുഴുവൻ ആർടിസി ബസിൽ സൗജന്യ യാത്ര ചെയ്യാൻ പാസ് നൽകുമെന്ന് ടിഎസ്‌ആർടിസി എംഡി സജ്ജനാർ പറഞ്ഞു.
അമ്മയെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിച്ച ബസ് ഡ്രൈവർ എം.അഞ്‌ജനയെയും, കണ്ടക്‌ടർ സി.എച്ച് ഗബ്ബാർ സിങ്ങിനെയും ആർടിസി ചെയർമാൻ ബാജി റെഡ്ഡി ഗോവർധൻ റെഡ്ഡിയും, സിഎംഡി സജ്ജനാറും അഭിനന്ദിച്ചു.