ശ്രീനഗര്‍ : ജമ്മുകശ്‌മീരിലെ സുന്‍ജ്‌വാനിലെ ജലാലാബാദില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെടുകയും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. മേഖലയില്‍ ജെയ്ഷെ മുഹമ്മദ് സംഘടനയുടെ രണ്ട് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസിന്‍റെയും സിആർപിഎഫിന്‍റെയും സംയുക്ത സംഘങ്ങൾ ജലാലാബാദ് പ്രദേശം വളയുകയായിരുന്നു. ഒരു സാറ്റലൈറ്റ് ഫോൺ, 2 എകെ 47 തോക്കുകൾ, വെടിമരുന്ന് എന്നിവ ഭീകരരിൽ നിന്ന് കണ്ടെടുത്തു.
മേഖലയില്‍ തീവ്രവാദികള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് ജമ്മു സോൺ അഡീഷണൽ ഡയറക്ടർ ജനറൽ മുകേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. പുലര്‍ച്ചെ 4.25 ഓടെ ഡ്യൂട്ടിക്കായി 15 സൈനികരുമായി സിഐഎസ്എഫ് ബസ് പോകുമ്പോഴായിരുന്നു ആക്രമണം. തുടര്‍ന്ന് സൈനിക സംഘം ഭീകരര്‍ക്കായി തിരച്ചില്‍ തുടങ്ങുകയും ആക്രമണ പ്രത്യാക്രമണങ്ങളിലേക്ക് നീളുകയുമായിരുന്നു.
also read: സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ തീവ്രവാദി ആക്രമണം; കശ്മീരില്‍ കനത്ത സുരക്ഷ
2018 ഫെബ്രുവരി 10 ന് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ സുന്‍ജ്വാന്‍ സൈനിക ക്യാമ്പിലേക്ക് ഇരച്ച് കയറുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ആറ് സൈനികരുള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഏപ്രില്‍ 24 ന് ദേശീയ പഞ്ചായത്തീരാജ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സുന്‍ജ്വാനില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള പാലി ഗ്രാമത്തിലെ സമ്മേളനത്തില്‍ പങ്കെടുക്കും.
2019 ഓഗസ്റ്റിന് ശേഷം ജമ്മുകശ്മീരിലേക്കുള്ള മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. 2019 ഒക്‌ടോബര്‍ 27 ന് രജൗരിയിലും 2021 നവംബര്‍ 3ന് നൗഷേരയിലും പ്രധാന മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു.