ന്യൂഡല്‍ഹി: നിതീഷ് കുമാര്‍ മന്ത്രിസഭയിലെ 14ല്‍ എട്ട് പേരും ഗുരുതരമായ കുറ്റകൃത്യങ്ങളിലും അഴിമതിക്കേസിലും പ്രതിചേര്‍ക്കപ്പെട്ടവരാണെന്ന് റിപോര്‍ട്ട്. കേസുള്ളവരില്‍ ഏറ്റവും പ്രമുഖന്‍ മേവാ ലാല്‍ ചൗധരിയാണ്. ബിഹാര്‍ വൈസ് ചാന്‍സലറായിരുന്ന ചൗധരിക്കെതിരേ നേരത്തെത്തന്നെ അഴിമതിയാരോപണത്തിന്‍റെ പേരില്‍ എഫ്‌ഐആര്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതിന്‍റെ പേരില്‍ അല്‍പകാലം ജെഡിയുവില്‍ നിന്ന് അദ്ദേഹത്തെ പുറത്തുനിര്‍ത്തിയിരുന്നെങ്കിലും പുതിയ മന്ത്രിസഭയില്‍ അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയാണ്. ഇതിനു പുറമേ മറ്റ് ഏഴ് പേര്‍കൂടി വിവിധ കേസുകളില്‍ പ്രതിയാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോം ആന്‍റ് ഇലക്ഷന്‍ വാച്ച് നടത്തിയ പഠനത്തില്‍ പറയുന്നു. മന്ത്രിമാര്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
മന്ത്രിസഭയിലെ 6 പേര്‍ക്കെതിരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. എട്ട് പേരില്‍ നാല് പേര്‍ ബിജെപിക്കാരാണ്. രണ്ട് പേര്‍ ജെഡിയുവില്‍ നിന്നും ഒരാള്‍ എച്ച്എഎം എസ്സില്‍ നിന്നും ഒരാള്‍ വിഐപിയില്‍ നിന്നുമാണ്. ചൗധരിയെ മന്ത്രിസഭയില്‍ കൊണ്ടുവരാനുള്ള ശ്രമം ബിഹാറില്‍ വലിയ വിമര്‍ശനമുയര്‍ത്തിവിട്ടിരുന്നു. 2017 ല്‍ ചൗധരിക്കെതിരേ എഫ്‌ഐആര്‍ ചുമത്തിയ ശേഷം നിതീഷ് കുമാര്‍ അദ്ദേഹത്തെ നേരില്‍ കാണാന്‍ പോലും അനുവദിച്ചിരുന്നില്ല. ബിഹാര്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ നിയമനവിവാദമാണ് ചൗധരിക്കെതിരേ നിലനില്‍ക്കുന്ന വലിയ ആരോപണം. 161 അസിസ്റ്റന്‍റ് പ്രൊഫസര്‍മാരെയും ജൂനിയര്‍ ശാസ്ത്രജ്ഞരെയുമാണ് അദ്ദേഹം വിസിയായിരുന്ന കാലയളവില്‍ നിയമിച്ചത്. നിലവിലെ മന്ത്രിമാരില്‍ ഏറ്റവും ധനികനും ചൗധരിയാണ്.