ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈകിട്ട് അഞ്ച് മണിവരെ 68ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 200 മണ്ഡലങ്ങളില്‍ 199 എണ്ണത്തിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. Rajasthan election)
രാവിലെ മുതല്‍ തന്നെ പോളിംഗ് കേന്ദ്രങ്ങളുടെ മുന്നില്‍ കനത്ത നിര ദൃശ്യമായിരുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പ് പൊതുവെ സമാധാനപരമായി. ഒറ്റപ്പെട്ടയിടങ്ങളില്‍ നിന്ന് ചില അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ല(om birla) അടക്കമുള്ള ഉന്നതര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. കോട്ടയിലെ സ്പ്രിംഗ് ഡെയ്ല്‍സ് സ്കൂളിലായിരുന്നു ഓംബിര്‍ല വോട്ട് രേഖപ്പെടുത്തിയത്. ജനങ്ങള്‍ക്ക് ജനാധിപത്യത്തിള്ള വിശ്വാസം വര്‍ദ്ധിച്ചതാണ് വോട്ടിംഗ് ശതമാനം വര്‍ദ്ധിക്കാന്‍ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതല്‍ വോട്ടുകള്‍ എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കൂടുതല്‍ കരുത്ത് എന്നാണ് അര്‍ത്ഥമെന്നും ഓം ബിര്‍ല ഇടിവിയോട് പറഞ്ഞു.
പ്രായത്തിന്‍റെ അവശതകള്‍ കൂട്ടാക്കാതെ നൂറ് വയസ് പിന്നിട്ട രണ്ട് സ്ത്രീകള്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനെത്തിയതും ശ്രദ്ധേയമായി. 103കാരിയായ രഘുനാഥി ബായ് ദൗസയിലെ പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി തന്‍റെ വോട്ടവകാശം വിനിയോഗിച്ചു. വീല്‍ചെയറിലാണ് രഘുനാഥി ബായ് വോട്ട് ചെയ്യാനെത്തിയത്. സംഗോകത് നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് രഘുനാഥി ബായ്. വോട്ട് ചെയ്ത ശേഷം സെല്‍ഫി പോയിന്‍റിലെത്തി ഫോട്ടോയ്ക്കും ഇവര്‍ പോസ് ചെയ്തു. 100 വയസുകാരി ജാല്‍ക്കോ ദേവിയും സാംലെത്തിയിലെ ബുത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്തു. 91കാരി രമണിവാസ് ജോഷി ആംബുസിലന്‍സിലാണ് തന്‍റെ വോട്ടവകാശം വിനിയോഗിക്കാനെത്തിയത്.
പക്കബാഗ് മേഖലയിലെ 90കാരനായ നന്ദറാം സൈനിയും ഭാര്യ 87കാരിയായ ഭഗ്വാന്‍ ദേയും ഒന്നിച്ചെത്തിയാണ് വോട്ട് ചെയ്തത്. പ്രായമായവര്‍ക്ക് വീട്ടില്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിരുന്നു. എന്നാല്‍ നേരിട്ടെത്തി വോട്ട് ചെയ്യണമെന്ന ഇവരുടെ ആഗ്രഹമാണ് ഇവരെ ബൂത്തിലെത്തിച്ചത്.
വോട്ടെടുപ്പിനിടെ ചില അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ പോളിംഗ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു.(two death) ഹൃദയാഘാതം മൂലമാണ് മരണം. 78കാരനായ കനയ്യ ലാല്‍ ആണ് മരിച്ച ഒരാള്‍ ദീര്‍ഘനേരം വരി നിന്ന അദ്ദേഹം പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖാണ്‍പൂര്‍ നിയോജകമണ്ഡലത്തിലെ ബക്കനിയില്‍ നിന്നുള്ള വോട്ടറാണ്.
ഹിരണ്‍മാര്‍ഗി സ്വദേശി 69കാരനായ സത്യേന്ദ്രകുമാര്‍ അറോറയാണ് മരിച്ച മറ്റൊരാള്‍. വോട്ട് ചെയ്യാനായി സൈക്കിളില്‍ വരികയായിരുന്ന അദ്ദേഹം പെട്ടെന്ന് തളര്‍ന്ന് വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
വോട്ടെടുപ്പിനിടെ ചില ബൂത്തുകളില്‍ നിന്ന് ഒറ്റപ്പെട്ട അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിക്കാറിലെ പോളിംഗ് സ്റ്റേഷന് നേരെ കല്ലേറുണ്ടായി. കല്ലേറുണ്ടായതോടെ പൊലീസ് അന്തരീക്ഷത്തിലേക്ക് വെടിയുതിര്‍ത്തു. തുടര്‍ന്ന് ലാത്തി ചാര്‍ജ് നടത്തി രംഗം ശാന്തമാക്കി. കല്ലെറിഞ്ഞവരില്‍ ചിലരെ പൊലീസ് തടവിലാക്കിയിട്ടുണ്ട്. കള്ളവോട്ട് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ശ്രീഗംഗാനഗര്‍ ജില്ലയിലെ കരണ്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗുര്‍മീത് സിങ് കുന്നാറിന്‍റെ മരണത്തെ തുടര്‍ന്ന് ഈ മണ്ഡലത്തില്‍ വോട്ടെടുപ്പ് മാറ്റി വച്ചിരിക്കുകയാണ്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
അതേസമയം തികഞ്ഞ പ്രതീക്ഷയിലാണ് ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും.
read more; കേരള മാതൃക ചൂണ്ടിക്കാട്ടി തിരിച്ച് വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ഗെലോട്ട്