മുംബൈ: ഗോണ്ടിയ ജില്ലയിലെ 62കാരിയായ സ്ത്രീക്ക് രണ്ട് ഡോസ് കൊവിഷീൽഡ് വാക്സിൻ നൽകിയതായി ആരോപണം. നിലവിൽ ഇവർ നിരീക്ഷണത്തിലാണെന്നും ഇവരുടെ സ്ഥിതി തൃപ്‌തികരമാണെന്നുമാണ് റിപ്പോർട്ട്. എന്നാൽ വിഷയവുമായി ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ ആരോപണം നിഷേധിച്ചു.
ഗോണ്ടിയയിലെ ഗോരേഗാവ് താലൂക്കിലെ അനുസായ കെവാൽചന്ദ് പർദിയാണ്(62) പ്രദേശത്തെ വാക്സിനേഷൻ സെന്‍ററിൽ നിന്ന് രണ്ട് ഡോസ് കൊവിഷീൽഡ് നൽകിയതായി ആരോപിക്കുന്നത്. ആദ്യത്തെ ഡോസ് നൽകിയ ശേഷം ഹെൽത്ത് സ്റ്റാഫ് തന്നോട് കാത്തിരിക്കാൻ നിർദേശിച്ചുവെന്നും തുടർന്ന് ഏകദേശം 10 മിനിറ്റിന് ശേഷം തന്നെ വീണ്ടും വിളിച്ച് രണ്ടാമത്ത ഡോസ് കുത്തിവച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം വാക്സിനേഷൻ സെന്‍ററിൽ ഒരു ദിവസത്തേക്ക് 50 ഡോസ് വാക്സിനും അതിന് തുല്യമായ സിറിഞ്ചുകളുമാണ് അഡ്‌മിനിസ്ട്രേഷൻ നൽകിയിട്ടുള്ളതെന്ന് ആരോപണ വിധേയനായ മെഡിക്കൽ ഓഫീസർ അറിയിച്ചു. അന്ന് കുത്തിവയ്‌പ് നടത്തിയ 50 പേരുടെയും റെക്കോർഡ് സൂക്ഷിച്ചിട്ടുണ്ട്. പട്ടികയിലെ പേരുകളുടെ അടിസ്ഥാനത്തിലാണ് ഓരോരുത്തർക്കും വാക്സിനേഷൻ നടത്തിയതെന്നും അതിനാൽ ഒരാൾക്ക് രണ്ട് ഡോസുകൾ ലഭിക്കാനുള്ള സാധ്യതയില്ലെന്നും ഓഫീസർ കൂട്ടിച്ചേർത്തു.
Also Read: രാജ്യത്ത് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; വീണ്ടെടുക്കൽ നിരക്കിൽ വർധനവ്