ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ നിന്ന് ഏഴ് ജയ്‌ഷെ-ഇ-മുഹമ്മദ് തീവ്രവാദികൾ പിടിയിൽ. സജാദ് അഹ്മദ് ഷെയ്ക്ക്, ആദിൽ ഹുസൈൻ ഷെയ്ഖ്, മുഹമ്മദ് ഇക്ബാൽ ബാബ, യാസിർ അമിൻ, ഷൗകത്ത് അഹ്മദ് ഷെയ്ക്ക്, ഉബൈദ് അഹ്മദ് മിർ, ആദിൽ റഷീദ് ബട്ട് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ സംഘത്തിൽ ചേരാനായി എത്തിയ ആറ് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒന്നിലധികം റെയ്‌ഡുകളിൽ നിന്നാണ് ആറ് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്‌തത്. ട്രാൽ നിവാസിയായ അക്കിബ് അഹ്മദ് ഡോബി, ട്രാൽ-ഇ-പയീൻ നിവാസിയായ മുഫീസ് അഹ്മദ് സർഗാർ, തകിയ ഗുലാബ് ബാഗ് ട്രാലിലെ താമസക്കാരനായ സൈഫുല്ല അഹ്മദ് ഷാ, ലിയാക്കത്ത് അഹ്മദ് ഖണ്ഡയ്, അംലർ ട്രാലിലെ താമസക്കാരൻ ഷോയിബ് അഹ്മദ് ഭട്ട്, ചെർസോ അവന്തിപോറ നിവാസിയും ട്രാൽ-ഇ-ബാലയിലെ താമസക്കാരനുമായ ബിലാൽ അഹ്മദ് സബൂ എന്നിവരാണ് പിടിയിലായ യുവാക്കൾ.
Also read: ബംഗ്ലാദേശ് സ്വദേശിനിയെ പീഡിപ്പിച്ചു; നാല് പേർ അറസ്റ്റിൽ
പിടിക്കപ്പെട്ട യുവാക്കൾ തീവ്രവാദ സംഘങ്ങളിൽ നിന്നും പരിശീലനം ലഭിച്ചവരാണെന്നും പൊലീസ് വ്യക്തമാക്കി. തീവ്രവാദത്തിലേക്ക് തിരിയാനായി യുവാക്കളെ പാകിസ്ഥാൻ ആസ്ഥാനമായ തീവ്രവാദ കമാൻഡർമാർ പ്രോത്സാഹിപ്പിച്ചതായും അവന്തിപോറ, ട്രാൽ എന്നീ പ്രദേശങ്ങളിലെ പ്രദേശിക കമാൻഡറുമായി ബന്ധപ്പെടാൻ യുവാക്കൾക്ക് നിർദേശം നൽകിയതായുമാണ് പ്രാഥമിക നിഗമനം. പൊലീസ് രേഖകൾ പ്രകാരം അറസ്റ്റിലായ സംഘം യുവാക്കളെ തീവ്രവാദ സംഘങ്ങളിൽ ചേരാൻ പ്രേരിപ്പിക്കുന്ന സംഘത്തിന്‍റെ കണ്ണികളാണ്. കൂടാതെ അവന്തിപോറ, ട്രാൽ പ്രദേശങ്ങളിലേക്ക് ആയുധങ്ങൾ കടത്താനും തീവ്രവാദ സംഘങ്ങൾക്ക് താമസ സൗകര്യം അടക്കമുള്ള സഹായങ്ങൾ ഒരുക്കാറുമുള്ളവരാണ്. അറസ്റ്റിലായ യുവാക്കൾ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയുമായി സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും നിരന്തരം ബന്ധം പുലർത്തിയിരുന്നവരാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.