ന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാനുഗതമായി വർധിക്കുകയാണെന്ന് കേന്ദ്ര സർക്കാർ. പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്‌നാട്, കേരള, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുകയാണെന്ന് സർക്കാർ വ്യക്തമാക്കി. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണെന്നും പുതിയ കൊവിഡ് കേസുകളിൽ 84.7 ശതമാനം ഈ സംസ്ഥാനങ്ങളിൽ നിന്നുള്ളതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്‌ട്രയിൽ 10,187 പേർക്കും കേരളത്തിൽ 2,791 പേർക്കും പഞ്ചാബിൽ 1,159 പേർക്കുമാണ് 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സാഹചര്യം വിലയിരുത്താൻ മഹാരാഷ്‌ട്രയിലും പഞ്ചാബിലും ഉന്നതാധികാര സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രാലയം വ്യക്തമാക്കി.