മുംബൈ: പ്രൊ കബഡി ലീഗില്‍ ഇത്തവണ താര ലേലം കൊഴുക്കും. താരപ്പകിട്ടുള്ള പ്രമുഖ താരങ്ങളെ ടീമുകൾ നിലനിർത്താതിരുന്നതോടെയാണ് ഓഗസ്റ്റ് 29 മുതല്‍ 31 വരെ നടക്കുന്ന ലേലം ആരാധകരുടേയും ടീമുകളുേയും ശ്രദ്ധയാകർഷിക്കുന്നത്. പ്രൊ കബഡി ലീഗിലെ എട്ടാം സീസണിലേക്ക് ആകെ 59 കളിക്കാരെ മാത്രമാണ് ടീമുകൾ നിലനിർത്തിയത്. കൊവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവെച്ച മാഷല്‍ സ്‌പോർട്സ് നടത്തുന്ന പ്രൊ കബഡി ലീഗിന്‍റെ എട്ടാം സീസൺ ഡിസംബറില്‍ നടക്കുമെന്നാണ് കരുതുന്നത്. അതിന് മുന്നോടിയാണ് താര ലേലം നടത്തുന്നത്.
മൂന്ന് കാറ്റഗറികളിലായി താരങ്ങൾ
50 താരങ്ങളെ ടീമുകൾ നിലനിർത്തിയപ്പോൾ അതില്‍ 22 താരങ്ങൾ എലൈറ്റ് റീടെയ്‌ൻഡ് കളിക്കാർ, ആറ് പേർ റീടെയ്‌ൻഡ് യുവ താരങ്ങൾ, 31 കളിക്കാർ പുതിയ യുവ താരങ്ങൾ എന്നിങ്ങനെ മൂന്ന് ഗണത്തിലാണ് ഉൾപ്പെട്ടത്. നിലനിർത്താതെ ടീമുകൾ ഒഴിവാക്കിയ താരങ്ങൾക്കായി മുംബൈയില്‍ ഓഗസ്റ്റ് 29 മുതല്‍ 31 വരെ ലേലം നടക്കും.
ലേലത്തിന് വരുന്ന സൂപ്പർ താരങ്ങൾ
161 പേരെയാണ് ഇത്തവണ ടീമുകൾ ലേലത്തിന് വിട്ടത്. അതില്‍ പ്രൊ കബഡി ലീഗിലെ സൂപ്പർ താരമായ പ്രദീപ് നർവാൾ അടക്കമുള്ളവർ ഉൾപ്പെടും. മൂന്ന് തവണ ചാമ്പ്യൻമാരായ പട്‌ന പൈറേഴ്‌സിന്‍റെ താരമായ പ്രദീപ് നർവാൾ ഇത്തവണ ലേലത്തിന് എത്തുമ്പോൾ വൻ വില കൊടുക്കാൻ മറ്റ് ടീമുകൾ തയ്യാറാകുമെന്നുറപ്പാണ്. നിലവിലെ ചാമ്പ്യൻമാരായ ബംഗാൾ വാരിയേഴ്‌സിന്‍റെ താരവും ഇന്ത്യൻ കബഡിയിലെ മുതിർന്ന താരവുമായ സുകേഷ് ഹെഗ്‌ഡെ, പ്രതിരോധ താരം ജീവ കുമാർ എന്നിവരും ലേലത്തിനുണ്ട്.
അതോടൊപ്പം ആരാധകരുടെ ഇഷ്ട താരമായ ഇറാനിയൻ ഇന്‍റർനാഷണല്‍ മിറാജ് ഷെയ്‌ക്കിനെ ഡബാങ് ഡെല്‍ഹിയും റെയ്‌ഡർ സിദ്ധാർഥ് ദേശായിയെ തെലുഗു ടൈറ്റൻസും ഓൾറൗണ്ടർ സന്ദീപ് നർവാളിനെ യു മുംബയും റെയ്‌ഡർ റിഷാങ്ക് ദേവാഡിഗയെ യുപി യോദ്ധയും ലേലത്തിന് വിട്ടു. ബെംഗളൂരു ബുൾസിന്‍റെ നായകൻ രോഹിത് കുമാർ, വെറ്ററൻ ഡിഫൻഡർ ധർമരാജ് ചെർലാതൻ, സൂപ്പർ ഓൾറൗണ്ടർ ദീപക് ഹൂഡ, ഡിഫൻഡർ സുർജീത് സിങ് എന്നിവരും ലേലത്തിനെത്തും. സൂപ്പർ താരങ്ങളായ അജയ് താക്കൂർ, രാഹുല്‍ ചൗധരി, മൻജീത് ചില്ലാർ എന്നിവർ കൂടി ലേലത്തിന് എത്തുന്നതോടെ ഇത്തവണത്തെ കബഡി താരലേലം കൊഴുക്കുമെന്നുറപ്പാണ്.
നിലനിർത്തിയ പ്രമുഖർ
ഇറാനിയൻ താരം ഫല്‍ അട്രാചലി (യു മുംബ), മറ്റൊരു ഇറാനിയൻ താരവും ബംഗാൾ വാറിയേഴ്‌സിന്‍റെ കിരീട വിജയത്തിലെ നിർണായക പങ്കാളിയുമായ മൊഹമ്മദ് ഇസ്‌മായില്‍ നബിബാക്ഷ്, ബംഗാൾ വാറിയേഴ്‌സിന്‍റെ നായകൻ മനിന്ദർ സിങ്, പുണേരി പാൾട്ടന്‍റെ താരം ഹാദി താജിക് എന്നിവരെ അതത് ടീമുകൾ നിലനിർത്തിയിട്ടുണ്ട്.
അതോടൊപ്പം റെയ്‌ഡിങ് സൂപ്പർ സ്റ്റാറുകളായ പവൻ കുമാർ ഷെരാവത്തിനെ ബെംഗളൂരു ബുൾസും നവീൻ കുമാറിനെ ഡബാങ് ഡെല്‍ഹിയും നിലനിർത്തി. മുതിർന്ന താരങ്ങളായ പവൻ കുമാർ ബെൻസ്‌വാളിനെയും സുനില്‍ കുമാറിനെയും ഗുജറാത്ത് ലയൺസും വികാസ് കൺഡോളയെ ഹരിയാന സ്റ്റീലേഴ്‌സും നിതേഷ് കുമാറിനെ യുപി യോദ്ധ്യയും നിലനിർത്തിയിട്ടുണ്ട്.
12 ടീമുകൾ പൊരിഞ്ഞ പോരാട്ടം
നിലവിലെ ചാമ്പ്യൻമാരായ ബംഗാൾ വാരിയേഴ്‌സ്, മൂന്ന് തവണ ചാമ്പ്യൻമാരായ പട്‌ന പൈറേഴ്‌സ്, ഒരു തവണ വീതം ചാമ്പ്യൻമാരായിട്ടുള്ള യു മുംബ, ബംഗളൂരു ബുൾസ്, ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ് എന്നിവരാണ് ലീഗിലെ പ്രമുഖർ. അതോടൊപ്പം എന്നും മികച്ച മത്സരം കാഴ്‌ചവെയ്ക്കുന്ന ഡബാങ് ഡെല്‍ഹി, ഗുജറാത്ത് ഫോർച്യൂൺ ജെയന്‍റ്സ്, ഹരിയാന സ്റ്റീലേഴ്‌സ്, പുണേരി പാൾട്ടൺ, തമില്‍ തലൈവാസ്, തെലുഗു ടൈറ്റൻസ്, യുപി യോദ്ധ എന്നിവരും കൂടി ചേരുമ്പോൾ പ്രൊ കബഡി ലീഗ് വാശിയേറും. കൊവിഡിനെ തുടർന്ന് നിർത്തി വെച്ചിരുന്ന ലീഗ് ഡിസംബറില്‍ ആരംഭിക്കുമ്പോൾ ആരാധകർക്കും അത് ആവേശം പകരും.
read more: കൊവിഡ് മൂന്നാം തരംഗം കുട്ടികളില്‍: സ്കൂൾ തുറക്കുന്നതും വാക്‌സിനേഷനും പ്രധാനം