മുംബൈ: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആശങ്കയായി ബ്ലാക്ക് ഫംഗസും. കൊവിഡ് രോഗികളില്‍ മ്യൂകോര്‍മൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് രോഗം വ്യാപകമായി കണ്ടുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിൽ അപൂർവവും അപകടകരവുമായ ഈ ഫംഗസ് അണുബാധ മൂലം 52 പേർ മരിച്ചുവെന്ന് ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
Read More……ബ്ലാക്ക് ഫംഗസ് : കേന്ദ്രം മരുന്ന് വില കുറയ്ക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി
തലവേദന, പനി, കണ്ണിന് താഴെയുള്ള വേദന, മൂക്കൊലിപ്പ്, കാഴ്ചയുടെ ഭാഗിക നഷ്ടം എന്നിവയാണ് ലക്ഷണങ്ങള്‍. കഴിഞ്ഞ വർഷം കൊവിഡിനെ അതിജീവിച്ചവരാണ് ഇപ്പോള്‍ മഹാരാഷ്ട്രയിൽ മുകോർമൈക്കോസിസ് രോഗം മൂലം മരിച്ച 52 പേരും. ഈ ഫംഗസ് ബാധിച്ച് മരിച്ചവരുടെ പട്ടിക സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 1,500 മ്യൂകോര്‍മൈക്കോസിസ് കേസുകളുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. മുകോർമൈക്കോസിസ് രോഗികളെ ചികിത്സിക്കുന്നതിനായി ഒരു ലക്ഷം ആംഫോട്ടെറിസിൻ-ബി ആൻറി ഫംഗസ് കുത്തിവയ്പ്പുകൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനമെന്നും ടോപ്പെ അറിയിച്ചിരുന്നു.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, പ്രമേഹം, രക്തത്തില്‍ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിൽ അല്ലെങ്കിൽ രക്തത്തിൽ ഇരുമ്പിന്‍റെ അളവ് വർദ്ധിച്ച കൊവിഡ് രോഗികളിലാണ് മുകോർമൈക്കോസിസ് കൂടുതലായും കാണപ്പെടുന്നത്. മുകോർമൈക്കോസിസ് മൂലം സംസ്ഥാനത്ത് കുറഞ്ഞത് എട്ട് രോഗികൾക്ക് ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടുവെന്ന് മഹാരാഷ്ട്ര സർക്കാർ ഇതിനകം സമ്മതിച്ചിട്ടുണ്ട്.