മീററ്റ്: ഉത്തർപ്രദേശിലെ മീററ്റില്‍ തീർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി ലൈനിൽ തട്ടിയുണ്ടായ അപകടത്തില്‍, അഞ്ച് പേർ മരണപ്പെട്ടു. മീററ്റിലെ ഒരു ഗ്രാമത്തിന് സമീപം ശനിയാഴ്‌ച (ജൂലൈ 15) വൈകുന്നേരമാണ് സംഭവം. വൈദ്യുതാഘാതമേറ്റ് 16 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
മീററ്റ് ജില്ലയിലെ ഭവൻപൂരിലുള്ള റാലി ചൗഹാൻ ഗ്രാമത്തിലെ 11 കെവി വൈദ്യുതി ലൈനിൽ തീർഥാടകർ (കൻവാരിയർ) സഞ്ചരിച്ച വാഹനം തട്ടുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. താഴ്‌ന്നുകിടന്ന ഹൈടെൻഷൻ വൈദ്യുതി ലൈനില്‍ വാഹനം തട്ടിയതാണ് ദാരുണമായ അപകടത്തിന് കാരണമായത്. തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി അപകടത്തില്‍പെട്ടവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെവച്ച് അഞ്ച് പേർ മരണപ്പെട്ടു. വൈദ്യുതാഘാതമേറ്റവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് മീററ്റ് ഡിഎം ദീപക് മീണ പറഞ്ഞു.
ഏകദേശം 30-35 പേർ ആണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു. മരിച്ചവരിൽ രണ്ട് സഹോദരന്മാരും ഉൾപ്പെടുന്നു. പൊലിസിന്‍റെയും ഭരണസംവിധാനത്തിന്‍റെയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇതിനിടെ ഒരുകൂട്ടം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ പ്രദേശത്ത് പ്രകടനം നടത്തിയത്. വൈദ്യുതി ലൈൻ അടച്ചിട്ടതായി എസ്‌പി ദേഹത് കമലേഷ് ബഹാദൂർ അറിയിച്ചിട്ടുണ്ട്.
അതേസമയം ദുരിതബാധിതർക്ക് ചികിത്സയ്‌ക്കായി എല്ലാ സഹായവും നൽകുന്നുണ്ടെന്നും ഇതിനായി ഡോക്‌ടർമാരുടെയും ഉദ്യോഗസ്ഥരുടെയും സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഡിഎം ദീപക് മീണ അറിയിച്ചു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
നേരത്തെ, വസന്ത് വിഹാറിലെ ഫ്‌ളൈ ഓവറിൽ ടാക്‌സി ഇടിച്ച് 38 കാരനായ ഒരു തീർഥാടകന് പരിക്കേറ്റിരുന്നു. ഹരിയാനയിലെ മേവാത്ത് സ്വദേശിയായ ധർമ്മേന്ദറിനാണ് പരിക്കേറ്റത്. സംഭവത്തിൽ പ്രതിയായ ഡ്രൈവർ ദലിപ് കുമാറിനെ (57) അറസ്റ്റ് ചെയ്‌തതായി പൊലീസ് ഞായറാഴ്‌ച അറിയിച്ചു.
ജൂലൈ 15 ന് പുലർച്ചെ 12:38 ന്, വസന്ത് വിഹാറിൽ നിന്ന് മഹിപാൽപൂരിലേക്കുള്ള മേൽപ്പാലത്തിൽ വച്ചാണ് തീർഥാടകൻ അപകടത്തിൽപ്പെട്ടത്. തലയ്‌ക്ക് പരിക്കേറ്റതിനെ തുടർന്ന് ഡൽഹി എയിംസിലേക്ക് മാറ്റിയ ഇയാളെ ഡിസ്‌ചാർജ് ചെയ്‌തതയും പൊലീസ് അറിയിച്ചു.
സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് മരണം: ഗാസിയാബാദിൽ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌ത്രീകളടക്കം ആറ് പേര്‍ മരണപ്പെട്ടിരുന്നു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലെ ഡല്‍ഹി- മീററ്റ് എക്‌സ്‌പ്രസ് ഹൈവേയില്‍ ജൂലൈ 11, ചൊവ്വാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം.
പുലര്‍ച്ചെ ആറ് മണിക്ക് അപകടം നടന്നതിനാല്‍ സ്‌കൂള്‍ ബസില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഗാസിപൂരിനടുത്തുള്ള പമ്പില്‍ നിന്നും ഇന്ധനം നിറച്ച ശേഷം സ്‌കൂള്‍ ബസ് തെറ്റായ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. മീററ്റില്‍ നിന്നും വന്ന കാര്‍ ഗുരുഗ്രാമിലേക്ക് പോകും വഴിയാണ് ബസുമായി കൂട്ടിയിടിച്ചത്. തെറ്റായ ദിശയില്‍ ബസ് സഞ്ചരിച്ചതാണ് അപകടത്തിന് കാരണമെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. ബസ് ഡ്രൈവറെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
READ MORE: Uttar pradesh accident| സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; 6 മരണം, 2 പേര്‍ക്ക് പരിക്ക്