ഹൈദരാബാദ്: നിലവിൽ 150 ലധികം കൊവിഡ് വാക്‌സിനുകൾ ലോകമെമ്പാടും പരീക്ഷിക്കുന്നുണ്ടെന്നും ഇതിൽ 44 വാക്‌സിനുകൾ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണെന്നും 11 വാക്‌സിനുകൾ വലിയ തോതിൽ പരീക്ഷിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നു. കഴിഞ്ഞ രണ്ട് ആഴ്‌ചക്കുള്ളിൽ തന്നെ ഫൈസർ, മോഡേണ എന്നീ കൊവിഡ് വാക്‌സിനുകൾ 90 ശതമാനത്തിലധികം ഫലപ്രദമാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതുകൂടാതെ മൂന്നാം ഘട്ട പരീക്ഷണത്തിൽ റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിൻ 92 ശതമാനം ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
മോഡേണ:
മോഡേണ കൊവിഡ് വാക്‌സിൻ 94.5 ശതമാനം ഫലപ്രദമാണെന്നാണ് യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനി അവകാശപ്പെടുന്നത്. വാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണത്തിലാണെന്നും ഫാർമസ്യൂട്ടിക്കൽ കമ്പനി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. 30,000 വോളന്‍റിയർമാരിലാണ് നിലവിൽ വാക്‌സിൻ പരീക്ഷിക്കുന്നത്. ഇവരിൽ വലിയ പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയില്ലെന്നും കമ്പനി പറഞ്ഞു. എന്നിരുന്നാലും ചില ആളുകൾക്ക് വേദന തുടങ്ങിയ പാർശ്വഫലങ്ങൾ കണ്ടെത്തിയതായും കമ്പനി വിശദീകരിച്ചിട്ടുണ്ട്.
ഫൈസർ:
കൊവിഡ് വാക്‌സിൻ നിർമിക്കാനുള്ള മത്സരത്തിലാണ് നിലവിൽ ഫൈസർ. നടത്തിയ ടെസ്റ്റുകളുടെ പ്രാഥമിക ഡാറ്റ പുറത്തുവിട്ട ആദ്യ കമ്പനിയും ഫൈസറാണ്. ഫൈസർ കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും, വാക്‌സിൻ സ്വീകരിച്ച സന്നദ്ധപ്രവർത്തകർക്ക് ഹാംഗ് ഓവർ, പനി, ശരീരവേദന തുടങ്ങിയ പാർശ്വഫലങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം ഇവരിൽ പാർശ്വഫലങ്ങൾ കൂടുതൽ ദൃശ്യമായിരുന്നു എന്നതും ശ്രദ്ധേയമാണ്.
സ്‌പുട്‌നിക് - 5:
റഷ്യയിലെ ഗാംലിയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത സ്‌പുട്‌നിക്-5 ആണ് ലോകത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്‌ത കൊവിഡ് വാക്‌സിൻ. വാക്‌സിൻ 92 ശതമാനം ഫലപ്രദമാണെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റഷ്യൻ അധികൃതർ അവകാശപ്പെട്ടിരുന്നു. മൂന്നാം ഘട്ട പരിശോധന പൂർത്തിയാകുന്നതിന് മുമ്പുതന്നെ വാക്‌സിൻ അംഗീകരിച്ചതിന് റഷ്യക്കെതിരെ ലോകമെമ്പാടും വിമർശനമുയർന്നിരുന്നു. എന്നിരുന്നാലും, നിലവിൽ മൂന്നാം ഘട്ട പരിശോധനയ്ക്ക് ശേഷം അധികൃതർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.