മുംബൈ: റിപ്പബ്ലിക് ടിവിക്ക് അനുകൂലമായി റേറ്റിംഗുകൾ കൈകാര്യം ചെയ്തതിന് എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി 40 ലക്ഷത്തിലധികം രൂപ നല്‍കിയതായി ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ഥോ ദാസ് ഗുപ്ത. മുംബൈ പൊലീസിന് നൽകിയ മൊഴിയിലാണ് ഗുരുതരമായ വെളിപ്പെടുത്തൽ. ചാനലിന് അനുകൂലമായി ഉയര്‍ന്ന റേറ്റിംഗ് നല്‍കിയതിന് പ്രതിഫലമെന്നോണം കുടുംബവുമായി വിദേശരാജ്യങ്ങളിൽ യാത്ര നടത്തുന്നതിന് 12,000 യുഎസ് ഡോളർ നൽകിയെന്നും ടിആർപി അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് ഫയൽ ചെയ്ത അനുബന്ധ കുറ്റപത്രത്തിൽ പറയുന്നു.
പാര്‍ഥോ ദാസ് ഗുപ്ത, ബാര്‍ക് മുന്‍ സിഒഒ റൊമിള രാംഗര്‍ഹിയ, റിപ്പബ്ലിക് മീഡിയ നെറ്റ് വര്‍ക്ക് സിഇഒ വികാസ് ഖാൻചണ്ഡാനി എന്നിവര്‍ക്കെതിരെയാണ് അനുബന്ധ കുറ്റപത്രം. നേരത്തെ,പാര്‍ഥോ ദാസ് ഗുപ്തയും അര്‍ണബും നടത്തിയ വാട്‌സ് ആപ്പ് ചാറ്റിന്‍റെ വിശദാംശങ്ങള്‍ പുറത്തു വന്നിരുന്നു. കുറ്റപത്രമനുസരിച്ച് 2020 ഡിസംബർ 27-ന് ക്രൈം ഇന്‍റലിജന്‍സ് യൂണിറ്റിന്‍റെ ഓഫീസിൽ വെച്ച് വൈകീട്ട് 5.15ന് രണ്ടുസാക്ഷികളുടെ സാന്നിദ്ധ്യത്തിലാണ് പാര്‍ഥോ ദാസ് ഗുപ്തയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
2004 മുതൽ അർണബ് ഗോസ്വാമിയെ തനിക്കറിയാം. ടൈംസ് നൗവിൽ ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്തിരുന്നു. 2013-ലാണ് ബാർക് സിഇഒ ആയി താൻ ജോലിയിൽ പ്രവേശിക്കുന്നത്. 2017-ൽ അർണബ് റിപ്പബ്ലിക് ടി.വി.ലോഞ്ച് ചെയ്തു. ചാനലിന്‍റെ ലോഞ്ചിന് മുമ്പായി അദ്ദേഹത്തിന്‍റെ പദ്ധതികളെ കുറിച്ച് അർണബ് സംസാരിച്ചിരുന്നു. ചാനലിന്‍റെ റേറ്റിംഗ് നിലനിർത്താൻ സഹായിക്കണമെന്ന് പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഭാവിയിൽ പ്രത്യുപകാരം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. റിപ്പബ്ലിക് ടിവിക്ക് നമ്പർ വണ്‍ റേറ്റിംഗ് ലഭിക്കുന്നതിന് വേണ്ടി താന്‍ ടിആർപി റേറ്റിംഗിൽ കൃത്രിമം നടത്തി. 2017 മുതൽ 2019 വരെ ഇപ്രകാരം ചെയ്തു.
2017-ൽ ലോവർ പരേലിലെ സെന്‍റ് റെജിസ് ഹോട്ടലിൽ വെച്ച് അർണബ് ഗോസ്വാമിയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും കുടുംബവുമായി ഫ്രാൻസ്- സ്വിറ്റ്സർലൻഡ് യാത്ര നടത്തുന്നതിനായി ആറായിരം യുഎസ് ഡോളർ അദ്ദേഹം തനിക്ക് നൽകുകയും ചെയ്തതായി പാര്‍ഥോ ദാസ് ഗുപ്ത മൊഴി നല്‍കി. 2019ൽ വീണ്ടും സെന്‍റ് റെജിസ് ഹോട്ടലിൽ വെച്ച് സ്വകാര്യ കൂടിക്കാഴ്ച നടത്തി. കുടുംബവുമൊന്നിച്ചുളള സ്വീഡൻ- ഡെൻമാർക്ക് യാത്രക്കായി ആറായിരം യുഎസ് ഡോളർ അദ്ദേഹം നൽകുകയും ചെയ്തു. 2017-ൽ ഐടിസി പരേൽ ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്തിയപ്പോള്‍ 20 ലക്ഷം രൂപയാണ് അര്‍ണബ് നല്‍കിയതെന്നും ഗുപ്ത പറഞ്ഞു. 2018ലും 19ലും ഐടിസി ഹോട്ടലിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഓരോ തവണയും പത്തുലക്ഷം രൂപവീതം അദ്ദേഹം നൽകിയെന്നും പാര്‍ഥോ നല്‍കിയ മൊഴിയിൽ പറയുന്നു.