ന്യൂഡല്‍ഹി: ഇസ്രയേൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് 40ലേറെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങൾ ചോർത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് ദ വയര്‍, വിദേശമാധ്യമങ്ങളായ വാഷിംഗ്ടൺ പോസ്റ്റ്, ദ ഗാർഡിയന്‍ എന്നിവയടക്കം 16 മാധ്യമങ്ങളുടെ കൂട്ടായ്മയാണ് പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിന്‍റെ വിവരങ്ങൾ പുറത്തുവിട്ടത്.
പ്രതിരോധം, ആഭ്യന്തര മന്ത്രാലയം, തെരഞ്ഞെടുപ്പ് കമ്മിഷൻ, കശ്മീർ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ്, ദി ഹിന്ദു, ഇന്ത്യ ടുഡേ, ഇന്ത്യൻ എക്സ്പ്രസ്, നെറ്റ്‌വർക്ക് 18 എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
also read: 'ബക്രീദ് ഇളവുകൾ പിൻവലിക്കണം', കേരള സർക്കാരിനെ വിമർശിച്ച് ഐഎംഎ
ദ വയര്‍ സ്ഥാപക എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജൻ, എംകെ വേണു, മറ്റ് മുഖ്യധാര മാധ്യമ പ്രവര്‍ത്തകരായ ശിശിര്‍ ഗുപ്ത, പ്രശാന്ത് ജാ, രാഹുല്‍ സിങ്, സന്ദീപ് ഉണ്ണിത്താന്‍, മനോജ് ഗുപ്ത, ജെ ഗോപികൃഷ്ണൻ, രോഹിണി സിങ്, വിജയ്ത സിങ് തുടങ്ങിയവരുടെ പേരുകളാണ് റിപ്പോര്‍ട്ടിലുള്ളത്.
അതേസമയം ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തെ തള്ളി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. ഫോണ്‍ ചോര്‍ത്തലില്‍ പങ്കില്ലെന്നും ആളുകളിൽ സർക്കാർ നിരീക്ഷണം നടത്തുന്നുവെന്ന ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പുറത്തുവന്ന റിപ്പോര്‍ട്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു.