അമരാവതി : ശ്രീകാകുളം ജില്ലയിലെ പലാസയ്ക്ക് സമീപം ദേശീയപാത-16ലുണ്ടായ വാഹനാപകടത്തിൽ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം.
വളവ് തിരിഞ്ഞപ്പോൾ പൊലീസ് ജീപ്പില്‍ ലോറി ഇടിക്കുകയായിരുന്നു. പൊലീസ് വാഹനത്തിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ആംഡ് റിസർവിലെ എസ്ഐ കെ.കൃഷ്ണുഡു, ഹെഡ് കോൺസ്റ്റബിൾമാരായ വൈ.ബാബു റാവു, പി.ആന്‍റണി, കോൺസ്റ്റബിൾ ഡ്രൈവർ പി.ജനാർദന റാവു എന്നിവരാണ് മരിച്ചത്.
മരണപ്പെട്ട സൈനികന്‍റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയ ശേഷം ഭൈരി സാരംഗപുരം ഗ്രാമത്തിൽ നിന്ന് ശ്രീകാകുളത്തേക്ക് മടങ്ങവെയായിരുന്നു അപകടമെന്ന് ഡിജിപി ഡി.ജി സാവങ്ങ് പറഞ്ഞു.
അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി ജില്ല പൊലീസ് സൂപ്രണ്ടിനും വിശാഖപട്ടണം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലിനും നിർദേശം നൽകി.
മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.