അമരാവതി: ആന്ധ്രാപ്രദേശ് അനന്തപൂരിലെ ക്യാൻസർ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമത്തെത്തുടർന്ന് നാല് കൊവിഡ് രോഗികൾ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഓക്സിജൻ വിതരണത്തിലെ സാങ്കേതിക തകരാറാണ് കാരണം. കഴിഞ്ഞ നാല് ദിവസങ്ങളിലായി സമാനമായ മൂന്ന് സംഭവങ്ങളാണ് ജില്ലയിലുണ്ടായത്.
ആശുപത്രിയിൽ ഓക്സിജൻ വിതരണം മുടങ്ങുന്നതായി അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് ജില്ല കലക്ടറും സ്ഥലം എംഎൽഎ അനന്ത വെങ്കട റാമി റെഡ്ഡിയും ആശുപത്രി സന്ദർശിച്ചു. ഓക്സിജൻ വിതരണത്തിലെ സാങ്കേതിക തകരാറുകൾ മൂലമാണ് രോഗികൾ മരിച്ചതെന്ന് അനന്ത വെങ്കട റാമി റെഡ്ഡി പറഞ്ഞു.
ക്യാന്‍സർ ആശുപത്രി സൂപ്രണ്ടിനും ഓക്സിജൻ പ്ലാന്‍റ് മാനേജർമാർക്കും കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഓക്‌സിജന്‍റെ അഭാവം മൂലം മെയ് ഒന്നിന് 15 കൊവിഡ് രോഗികളാണ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ മരിച്ചത്, മെയ് മൂന്നിന് ഹിന്ദുപുരത്തെ ആശുപത്രിയിലും സമാന കാരണത്താൽ എട്ട് പേർ മരിച്ചിരുന്നു.