ഹർദോയ് (ഉത്തർപ്രദേശ്): മെഡിക്കൽ ക്യാമ്പ് സന്ദർശിച്ച 38 കുട്ടികൾക്ക് ഛർദ്ദിയും വയറുവേദനയും. ഹർദോയിയിലെ കസ്‌തൂർബ ഗാന്ധി അവാസിയ ബാലിക വിദ്യാലയത്തിലെ വിദ്യാർഥികളുടെ ആരോഗ്യനിലയാണ് മെഡിക്കൽ ക്യാമ്പ് സന്ദർശനത്തിന് ശേഷം വഷളായത്. ഞായറാഴ്‌ച(18.09.2022) പിഹാനി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റർ(സിഎച്ച്‌സി) മെഡിക്കൽ ക്യാമ്പ് സന്ദർശിച്ച കുട്ടികൾക്കാണ് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്.
ആശുപത്രിയിൽ നിന്ന് മരുന്ന് മാറി നൽകി എന്നാണ് ആരോപണം. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് വീണ്ടും കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ ചികിത്സയിൽ 32 കുട്ടികൾക്ക് സുഖം പ്രാപിച്ചു.
6 കുട്ടികളുടെ ആരോഗ്യ നിലയിൽ മാറ്റമില്ലാത്തതിനാൽ അവരെ വിദഗ്‌ധ ചികിത്സക്കായി സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) സ്വാതി ശുക്ല അറിയിച്ചു. സംഭവത്തിൽ പിന്നിൽ ഭക്ഷ്യവിഷബാധയാണോ ഹെൽത്ത് ക്യാമ്പിൽ നിന്ന് നൽകിയ മരുന്ന് കഴിച്ചതാണോ എന്നതിനെ കുറിച്ച് കൃത്യമായി അന്വേഷിക്കുമെന്നും അധികൃതർ പറഞ്ഞു.