ലക്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സംസ്ഥാനത്ത് 37 പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്‍റ് ദിലീപ് ഘോഷ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പശ്ചിമ ബംഗാളിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ഉത്തർപ്രദേശ് ബിജെപിയുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഈ പ്രസ്താവന ഉന്നയിച്ചത്. തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്ത് അക്രമത്തിന് ചുമതല നൽകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. യോഗത്തിൽ സംസ്ഥാനത്തെ പാർട്ടി കാര്യങ്ങളുടെ ചുമതലയുള്ള രാധ മോഹൻ സിങ്, ഉത്തർപ്രദേശ് ബിജെപി പ്രസിഡന്‍റ് സ്വതന്ത്ര ദേവ് സിങ്, ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) സുനിൽ ബൻസൽ എന്നിവർ പങ്കെടുത്തു.
പാർട്ടിയുടെ ഉത്തർപ്രദേശ് യൂണിറ്റിലെ പ്രവർത്തകർക്കും ഭാരവാഹികളോടും നന്ദി അറിയിച്ച ഘോഷ്, പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് വേളയിൽ പ്രവർത്തകരുടെ കഠിനാധ്വാനമാണ് പാർട്ടി 77 സീറ്റുകൾ നേടിയതിന് കാരണമെന്നും അറിയിച്ചു. വിപ്ലവകാരികളാലും ആത്മീയ നേതാക്കളാലും സാമൂഹ്യ പരിഷ്‌കർത്താക്കളാലും അറിയപ്പെട്ടിരുന്ന പശ്ചിമ ബംഗാൾ നിർഭാഗ്യവശാൽ ഇന്ന് രക്തച്ചൊരിച്ചിൽ നേരിടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 166 ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച ഘോഷ് സംസ്ഥാനത്തെ ബിജെപി പ്രവർത്തകരുടെ ജീവന് ഭീഷണി നേരിടുകയാണെന്നും ആരോപിച്ചു. അതേസമയം സംസ്ഥാനത്തെ ബിജെപി പ്രവർത്തകർക്ക് നേരെ ടിഎംസി ഗുണ്ടകൾ ആക്രമണം നടത്തുകയാണെന്ന് യുപി ബിജെപി പ്രസിഡന്‍റ് സ്വതന്ത്ര ദേവ് സിങ് ആരോപിച്ചു. എന്നാൽ ഇത്തരം വെല്ലുവിളികൾക്കിടയിലും തങ്ങളുടെ പ്രവർത്തകർ രാജ്യത്തിന്‍റെ അഭിമാനത്തിനും ബംഗാളിന്‍റെ സാംസ്‌കാരികതയ്‌ക്കും വേണ്ടി സമർപ്പിതമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:വിവാദങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കി, മമത പ്രോട്ടോക്കോൾ ലംഘിച്ചെന്നും കേന്ദ്രം