ശ്രീനഗർ : കശ്‌മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ്. തെക്കൻ കശ്‌മീരിലെ പുൽവാമ ജില്ലയിലെ ദ്രബ്‌ഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പടെയുള്ളവ കണ്ടെടുത്തതായും പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ കുറച്ച് മാസങ്ങളായി കശ്‌മീരില്‍ നിരവധി ഭീകരവിരുദ്ധ ഓപ്പറേഷനുകൾ നടക്കുന്നുണ്ട്. ഇതുവഴി നിരവധി തീവ്രവാദികളെയും അവരുടെ കമാൻഡർമാരെയും ഇല്ലാതാക്കുകയും ചെയ്‌തു. പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസും സൈന്യവും സംയുക്തമായാണ് മിക്ക ഓപ്പറേഷനുകളും നടത്തിയത്.
ശനിയാഴ്ച രാവിലെ തെക്കൻ കശ്‌മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ ചൊവ്വാഴ്‌ച രണ്ട് ഏറ്റുമുട്ടലുകളാണ് കശ്‌മീരിലുണ്ടായത്.
also read: അമർനാഥ് യാത്ര അട്ടിമറിക്കാൻ ഐഎസ് ശ്രമമെന്ന് ഇന്‍റലിജൻസ് ബ്യൂറോ റിപ്പോർട്ട്
തെക്കൻ കശ്‌മീരിലെ ഷോപിയാൻ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനേയും വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ ചക്താരസ് കണ്ടിയിൽ രണ്ട് ഭീകരരേയും സുരക്ഷാസേന വധിച്ചിരുന്നു. തിങ്കളാഴ്ച വടക്കൻ കശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിൽ പാകിസ്ഥാൻ ഭീകരൻ ഹൻസല്ലയെയും സൈന്യം കൊലപ്പെടുത്തിയിരുന്നു.