ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ബുദ്‌ഗാം ജില്ലയില്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്യ്ബയുടെ താവളം സുരക്ഷ സേന തകര്‍ത്തു. മൂന്ന് ലഷ്‌കര്‍ തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി പൊലീസ് ചൊവ്വാഴ്‌ച അറിയിച്ചു. ആഷിഖ് ഹുസൈൻ ഹജാം, ഗുലാം മോഹി ദിൻ ദാർ, താഹിർ ബിൻ അഹമദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്നായി ചൈനീസ് പിസ്റ്റൾ, രണ്ട് പിസ്റ്റൾ മാഗസിനുകൾ, 22 പിസ്റ്റൾ റൗണ്ടുകൾ, ഒരു എകെ മാഗസിൻ, 30 എകെ റൗണ്ടുകൾ, തീവ്രവാദ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച ഒരു ബൈക്ക് എന്നിവ പൊലീസ് കണ്ടെടുത്തു. സിആര്‍പിഎഫ്, ആര്‍ ആര്‍ സംഘങ്ങള്‍ സംയുക്തമായാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. ലഷ്‌കര്‍ ഇ ത്വയ്യ്ബ ഭീകരര്‍ക്ക് ആയുധങ്ങളും സ്‌ഫോടന വസ്‌തുക്കളും എത്തിച്ച് കൊടുക്കുന്നവരും അറസ്റ്റിലായവരിലുണ്ടെന്ന് പൊലീസ് കണ്ടെത്തി.
ബന്ധപ്പെട്ട നിയമ വകുപ്പുകള്‍ ചുമത്തി ഭീകരര്‍ക്കെതിരെ ചദുര പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് അറിയിച്ചു.
also read: ജമ്മു കശ്‌മീരില്‍ രണ്ടിടങ്ങളിലായി ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു