മുംബൈ: വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ അനുചിതമായി സ്‌പർശിച്ചുവെന്ന് ആരോപിച്ച് പെൺകുട്ടികൾ. പെൺകുട്ടികൾ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. പ്രാങ്ക് വീഡിയോ എന്ന് വ്യാപകമായി അറിയപ്പെടുന്ന തമാശ വീഡിയോകൾ ചിത്രീകരിക്കാൻ എന്ന പേരിൽ പ്രതികൾ ഇവരുടെ ദേഹത്ത് സ്‌പർശിച്ചെന്നും തുടർന്ന് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. സൈബർ സെല്ലിന് പരാതി ലഭിച്ചതിനെ തുടർന്നാണ് മുംബൈ പൊലീസ് മൂവരെയും അറസ്റ്റ് ചെയ്‌തത്.
വീഡിയോകളിൽ മോശം ഭാഷ ഉപയോഗിച്ചതായും ഈ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിലൂടെ പ്രതികൾ രണ്ട് കോടി രൂപയാണ് ലാഭം നേടിയതെന്നും മുംബൈ പൊലീസ് പറഞ്ഞു. വേഗത്തിൽ പണം സമ്പാദിക്കാനുള്ള ഇത്തരം മാർഗങ്ങൾ ഒഴിവാക്കണമെന്ന് ജോയിന്‍റ് പൊലീസ് കമ്മിഷണർ (ക്രൈം) മിലിന്ദ് ഭരംബെ പറഞ്ഞു. ഇത്തരം സംഭവം മറ്റാർക്കെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ എത്രയും പെട്ടന്ന് മുംബൈ പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.