ജമ്മു: ശ്രീനഗറിലെ കൃഷ്‌ണ ധാബ ഹോട്ടലിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്‌തതായി ജമ്മു പൊലീസ് അറിയിച്ചു. അറസ്റ്റിലായവർ നിരോധിത സംഘടനയായ മുസ്ലീം ജൻബാസ് ഫോഴ്‌സിലെ അംഗങ്ങളാണ്. സുഹാലി അഹമ്മദ് മിർ, ഒവാസിസ് മൻസൂർ സോഫി, വിലായത് അസീസ് മിർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് ആക്രമണത്തിന് ഉപയോഗിച്ച ഗ്രനേഡ്, പിസ്‌റ്റൾ, ബൈക്ക് എന്നിവ കണ്ടെത്തിയതായി ജമ്മു പൊലീസ് അറിയിച്ചു. ബുധനാഴ്‌ച്ച രാത്രിയോടെയാണ് ധാബക്ക് നേരെ ആക്രമണമുണ്ടായത്.
വെടിവെപ്പിൽ ഹോട്ടലിലെ ജീവനക്കാരനായ ആകാശ് മെഹ്‌റയ്‌ക്ക് പരിക്കേറ്റിരുന്നു. 24 വിദേശ നയതന്ത്ര ഉദ്യോഗസ്ഥർ ജമ്മുവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ നേരിട്ടെത്തിയ വേളയിലാണ് ആക്രമണം നടന്നത്. ഇവർ താമസിക്കുന്ന ഹോട്ടലിന് സമീപമാണ് കൃഷ്‌ണ ധാബ സ്ഥിതി ചെയ്യുന്നത്. വെജിറ്റേറിയൻ ഭക്ഷണത്തിന് പേരു കേട്ട ഹോട്ടലാണിത്. ജമ്മു കശ്‌മീർ ചീഫ് ജസ്റ്റിസ്, യുഎൻ മിലിറ്ററി ഒബ്‌സർവേഴ്‌സ് ഗ്രൂപ്പ് ഫോർ ഇന്ത്യ ആന്‍റ് പാകിസ്ഥാൻ തുടങ്ങിയ നിരവധി തന്ത്രപ്രധാന ഓഫീസുകൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കൃഷ്‌ണ ധാബ സ്ഥിതി ചെയ്യുന്ന ദുർഗാനാഗ് പ്രദേശം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജമ്മു പൊലീസ് അറിയിച്ചു.