ലഖ്‌നൗ: ഉത്തരാഖണ്ഡിലെ ചമോലിയിൽ ഫെബ്രവരി 28നുണ്ടായ ഹിമപാതത്തിൽ കാണാതായ 28 പേരെ മരണമടഞ്ഞതായി പ്രഖ്യാപിച്ചു. തപോവൻ-വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികളാണ് ഹിമപാതത്തിൽ കാണാതായത്.
ഇതുപ്രകാരം വിവിധ പദ്ധതികളിലുൾപ്പെടുത്തി മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും. ദേശീയ താപവൈദ്യുതി കോർപ്പറേഷനിൽ നിന്ന് 20 ലക്ഷം രൂപ, ഉത്തരാഖണ്ഡ് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 4 ലക്ഷം രൂപ, ഉത്തരാഖണ്ഡ് സർക്കാരിന്‍റെ ഗുണഭോക്തൃ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ, ഉത്തർപ്രദേശ് സർക്കാരിൽ നിന്നും കേന്ദ്രത്തിൽ നിന്നും രണ്ട് ലക്ഷം രൂപ വീതം എന്നീ കണക്കിൽ മരണമടഞ്ഞ തൊഴിലാളികളുടെ അടുത്ത ബന്ധുവിന് 29 ലക്ഷം രൂപ ലഭിക്കും.
Also Read: സംസ്ഥാനത്ത് കാലവർഷം നാളെയെത്തും
ലഖിംപൂർ ഖേരി ജില്ലയിൽ നിന്നുള്ള മുപ്പത്തിമൂന്ന് തൊഴിലാളികളും ഷാജഹാൻപൂർ ജില്ലയിൽ നിന്നുള്ള ഒരു തൊഴിലാളിയുമാണ് ഹിമപാതത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ അഞ്ച് പേരെ കണ്ടെത്തി. ശേഷിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലമായതോടെയാണ് മരണമടഞ്ഞതായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചത്.