ചണ്ഡീഗഡ്: ഹരിയാനയിലെ സോണിപട്ട് ജില്ലയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ ഉണ്ടായ 27 ഓളം മരണങ്ങൾ വ്യാജ മദ്യം കഴിച്ചതിനാലാകാമെന്ന് സംശയിക്കുന്നു. ജില്ലയിൽ അനധികൃതമായി മദ്യം വിൽപ്പന നടക്കുന്നുണ്ടെന്നും വ്യാജ മദ്യം കഴിച്ചാണ് മരണങ്ങൾ ഉണ്ടായതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. നഗരത്തിലെ ശ്മശാനങ്ങളിൽ മൃതദേഹങ്ങളുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ വർധനവിനെ തുടർന്നാണ് മരണം പുറത്തുവന്നത്. മയൂർ വിഹാർ, നഗരത്തിലെ ശാസ്ത്രി കോളനി എന്നിവയാണ് സംശയാസ്പദമായി മരണം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ. സംശയാസ്പദമായ മരണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പൊലീസ് സംഘങ്ങൾ കോളനികളിലെ നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും ഒരു കടയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച മദ്യം കണ്ടെടുക്കുകയും ചെയ്തു.
അതേസമയം, സോണിപട്ടിൽ സംശയാസ്പദമായ 20 മരണങ്ങൾ മാത്രമാണ് ഉണ്ടായതെന്നും ബറോഡ ഉപതെരഞ്ഞെടുപ്പുകളിൽ പൊലീസ് ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ അനധികൃത മദ്യ വിൽപനയ്ക്കുള്ള സാധ്യതയുണ്ടായി കാണാമെന്നും സോണിപട്ട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പറഞ്ഞു. മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.