ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച (25 Crore Heist At Delhi Jewellery Showroom). ഡല്‍ഹി ജംഗ്‌പുരയിലെ ഉംറാവു സിങ് ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 25 കോടി രൂപയോളം വിലമതിപ്പുള്ള ആഭരണങ്ങളും ഏഴ് ലക്ഷത്തോളം രൂപയുമാണ് മോഷ്ടാക്കള്‍ ഷോറൂമില്‍ നിന്ന് കവര്‍ന്നത്. തിങ്കളാഴ്ച അവധിയായിരുന്നതിനാല്‍ ഞായറാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെയുള്ള സമയത്തിനിടെയാണ് കവര്‍ച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച വൈകിട്ട് ഷോറൂം പൂട്ടിയിറങ്ങിയ കടയുടമ ചൊവ്വാഴ്ച രാവിലെ എത്തി തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. രാവിലെ കട തുറന്നപ്പോൾ നിറയെ പൊടിപടലങ്ങൾ കണ്ടതായി ഉടമ പറഞ്ഞു. വിവരമറിഞ്ഞ് പൊലീസും പിസിആർ സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ക്രൈം, ഫോറൻസിക് സംഘവും എത്തി തെളിവുകള്‍ ശേഖരിച്ചു.
നാല് നിലകളുള്ള കെട്ടിടത്തിന്‍റെ ഏറ്റവും താഴത്തെ നിലയിലുള്ള സ്‌ട്രോങ് റൂമിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഈ സ്‌ട്രോങ് റൂമിന്‍റെ ഭിത്തിയില്‍ വലിയൊരു ദ്വാരമുണ്ടാക്കിയാണ് കവര്‍ച്ച നടത്തിയത്. പുറത്ത് പ്രദര്‍ശിപ്പിച്ചിരുന്ന ആഭരണങ്ങളും കവര്‍ച്ചാസംഘം കൊണ്ടുപോയി. അതേസമയം വെള്ളിയാഭരണങ്ങള്‍ ഉപേക്ഷിച്ചു. മോഷണത്തിനുമുന്‍പ് സിസിടിവി ക്യാമറകള്‍ മോഷ്‌ടാക്കള്‍ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു.
നാല് നില കെട്ടിടത്തിന്‍റെ ടെറസിലൂടെയാണ് മോഷ്ടാക്കള്‍ ജ്വല്ലറിയില്‍ കടന്നതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിന് മുമ്പ് രേഖപ്പെടുത്തിയ ദൃശ്യങ്ങളില്‍ നിന്ന് എന്തെങ്കിലും സൂചന ലഭിക്കുമോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. "ജ്വല്ലറിക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ പരിശോധിക്കും. ഇതിനായി ജില്ല ഓപ്പറേഷൻ സെല്ലിന്‍റെ ടീമിനെ വിന്യസിച്ചിട്ടുണ്ട്" - -പൊലീസ് പറഞ്ഞു.