ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഏഷ്യയുടെ രണ്ട് എ320 വിമാനങ്ങള്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. യാത്ര ആരംഭിച്ച് അരമണിക്കൂറിന് ശേഷമാണ് ആദ്യ വിമാനം തിരികെയിറക്കിയത്. പകരം, യാത്രക്കാരെ കൊണ്ടുപോകാനെത്തിയ വിമാനവും സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് നിലത്തിറക്കി.
ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ (11 ജൂണ്‍ 2022) രാവിലെ 11.55-ന് പുറപ്പെട്ട വിടി-എപിജെ എന്ന വിമാനമാണ് ആദ്യം ഉച്ചയ്‌ക്ക് 1.45 ഓടെ തിരികെയിറക്കിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. തുടര്‍ന്ന് വിമാനക്കമ്പനി യാത്രക്കാര്‍ക്കായി വിടി-റെഡ് എന്നൊരു വിമാനം ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിലും യാത്ര ആരംഭിച്ചതിന് പിന്നാലെയാണ് സങ്കേതിക തകരാര്‍ കണ്ടെത്തിയത്.
ഇതോടെ വൈകുന്നേരം 5.30ന് സുരക്ഷിതമായി ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ലൈന്‍ അധികൃതര്‍ പണം റീഫണ്ട് ചെയ്യാമെന്നും അല്ലെങ്കിൽ അടുത്ത 30 ദിവസത്തിനുള്ളിൽ മറ്റൊരു വിമാനം ബുക്ക് ചെയ്യാമെന്നും അറിയിച്ചു. എ 320 വിമാനങ്ങൾ നിർമിക്കുന്ന എയർബസ് ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.