ബിഹാര്‍: രാജ്യം പുരോഗതിയുടെ പടവുകള്‍ കയറുമ്പോഴും ശൗചാലയങ്ങള്‍ ഇല്ലാത്ത നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴുമുണ്ടെന്നത് വിസ്മരിക്കാനാകാത്ത സത്യമാണ്. എന്നാല്‍ നമ്മുടെ പൂര്‍വികര്‍ ശൗചാലയങ്ങള്‍ ഉപയോഗിച്ചിരുന്നവരും ശരീര പരിസര ശുചിത്വത്തെ കുറിച്ച് ബോധം ഉള്ളവര്‍ ആയിരുന്നു എന്നും തെളിയിക്കുന്നതാണ് ബിഹാറിലെ വൈശാലി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ടോയ്‌ലറ്റ് പാൻ. 1800 വര്‍ഷം മുമ്പ് നമ്മുടെ പൂര്‍വികര്‍ ശൗചൗലയങ്ങള്‍ ഉപയോഗിച്ചിരുന്നതായാണ് ഈ ടോയ്‌ലറ്റ് പാനുകളില്‍ നിന്ന് ചരിത്രകാരൻമാർ രേഖപ്പെടുത്തുന്നത്.
3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിന്ധു നദീതട സംസ്കാരം നിലവിലുണ്ടായിരുന്ന കാലത്ത് മനുഷ്യര്‍ ശൗചാലയങ്ങള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന് ശേഷമുള്ള കാലഘട്ടങ്ങളിലൊന്നും ശൗചാലയങ്ങള്‍ ഉപയോഗിച്ചിരുന്നതിന്‍റെ തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ ക്ലോസറ്റിന് സമാനമായാണ് ബിഹാറിലെ വൈശാലി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ടോയ്‌ലറ്റ് പാൻ നിര്‍മിച്ചിരിക്കുന്നത്.
ഉണക്കി സൂക്ഷിക്കാൻ കഴിയുന്ന ടോയ്‌ലറ്റ് : ഒന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ ആകാം ഇവ ഉപയോഗിച്ചിരുന്നതെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപെടുത്തുന്നു. മണ്ണുകൊണ്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. വ്യാസം 88 സെന്റിമീറ്ററും കനം 7 സെന്റിമീറ്ററുമാണ്. ടോയ്‌ലറ്റ് പാനിൽ രണ്ട് ദ്വാരങ്ങളാണുള്ളത്. ഇതില്‍ വലിയ ദ്വാരം മലത്തിനും ചെറിയ ദ്വാരം മൂത്രത്തിനുമായാണ് നിര്‍മിച്ചിരിക്കുന്നതെന്നും ചരിത്രകാരന്മാര്‍ പറയുന്നു. മൂത്രത്തിനായി നിര്‍മിച്ചെതെന്ന് കരുതപ്പെടുന്ന ദ്വാരത്തിന് മൂന്ന് സെന്റീമീറ്റർ വ്യാസമുണ്ട്.
മലം കടത്തി വിടാനായി നിര്‍മിച്ചിരിക്കുന്ന ദ്വാരത്തിന് 18 സെന്റീമീറ്റർ വ്യാസവുമുണ്ട്. ടോയിലറ്റ് പാനിന്‍റെ അടിയില്‍ ഒരു കിണര്‍ പോലുള്ള സംവിധാനം ഉണ്ടെന്നു ഇതുവഴി വെള്ളം കടത്തി വിടുന്നതോടെ വിസര്‍ജ്യങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുവാൻ കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സംവിധാനം വഴി ടോയ്‌ലറ്റ് പാന്‍ ഉണക്കി സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നുവെന്നും ചരിത്രകാരന്മാര്‍ പറയുന്നു.
സമാന രീതിയിലുള്ള അച്ചുകള്‍ ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വച്ചാണ് ഇത്തരം ടോയ്‌ലറ്റ് പാന്‍ നിര്‍മിച്ചിരുന്നത് എന്നുമാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിശദീകരണത്തില്‍ നിന്നും വ്യക്തമാകുന്നത്. സ്വസ്തിക ആകൃതിയിലുള്ളതാണ് പാനെന്നും മ്യൂസിയം അധികാരികള്‍ പറയുന്നു. കൊൽഹുവയിൽ (വൈശാലി) ഖനനം നടത്തുന്നതിനിടെയാണ് ഈ ടോയ്‌ലറ്റ് പാൻ കണ്ടെത്തിയത്. കൊല്‍ഹുവയില്‍ ഒരു കന്യാസ്ത്രീകളുടെ ആശ്രമം ഉണ്ടായിരുന്നതായും ചരിത്രകാരന്മാര്‍ പറയുന്നു.
ബുദ്ധകാലത്തെ ശേഷിപ്പുകളെന്നും നിഗമനം: അതേസമയം ഗൗതമബുദ്ധന്‍ തന്‍റെ ആദ്യ അനുയായി സംഘത്തെ പാര്‍പ്പിച്ചിരുന്നത് വൈശാലിയിലായിരുന്നു. ഇതില്‍ ബുദ്ധന്‍റെ അമ്മയായ മഹാപ്രജാപതി ഗൗതമിയും ഉള്‍പ്പെട്ടിരുന്നതായും ചരിത്ര രേഖകളുണ്ട്. കൊട്ടാരം നര്‍ത്തകിയായിരുന്ന അമ്രപാലിയും സംഘത്തിൽ ചേര്‍ന്നതായും ഇവരും വൈശാലിയിലെ വിഹാരത്തിലാണ് താമസിച്ചിരുന്നതെന്നും തെളിയക്കപ്പെട്ടിരുന്നു.
ബുദ്ധ വിഹാരങ്ങള്‍ വൃത്തിയുള്ളതായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. മാത്രമല്ല രാജ്ഗീറിലും വൈശാലിയിലും രണ്ട് വലിയ ആശുപത്രികൾ ഉണ്ടായിരുന്നതായും ബുദ്ധമത സാഹിത്യങ്ങളിലും മറ്റും കാണാനാകും. അതിനാല്‍ തന്നെ ഈ മഠങ്ങളില്‍ ശൗചാലയ സാന്നിധ്യ തള്ളിക്കളയാന്‍ ആകില്ലെന്നും ഗവേഷകര്‍ പറയുന്നു. ഇക്കാരണത്താലിത് ബുദ്ധ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ശൗചാലയത്തിന്‍റെ ശേഷിപ്പുകളാകാനുള്ള സാധ്യതയും ചരിത്രകാരന്മാര്‍ തള്ളിക്കളയുന്നില്ല.
എങ്കിലും ഈ വിഷയത്തില്‍ കൂടുല്‍ പഠനങ്ങള്‍ ഇനിയും ആവശ്യമാണെന്നും ഇതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണെന്നും മുസാഫർപൂർ എൽ.എൻ.ടി കോളജിലെ പ്രൊഫസറായ ഡോ. ജയപ്രകാശ് പറഞ്ഞു. ഇന്ത്യന്‍ ചരിത്രത്തില്‍ മനുഷ്യന്‍ ചെമ്പ് ഉപയോഗിച്ചിരുന്ന കാലം (ചാർകോലിത്തിക് കാലഘട്ടം) മുതല്‍ ഇങ്ങോട്ട് ശൗചാലയങ്ങള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തപ്പെട്ടിട്ടില്ല. എന്നാൽ കുശാന കാലഘട്ടത്തിൽ (എ.ഡി. ഒന്നു മുതൽ രണ്ടാം നൂറ്റാണ്ട് വരെ) ശൗചലായങ്ങള്‍ ഉപയോഗിച്ചിരുന്നു എന്നതിനുള്ള തെളിവാണ് നിലവില്‍ പുറത്ത് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.