ഷിംല : കനത്ത മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ പരാശർ തടാകം മേഖലയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. 150 പേരടങ്ങുന്ന സംഘത്തെയാണ് രാത്രി നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവില്‍ മണ്ഡി ജില്ല പൊലീസിന്‍റെ കമാന്‍ഡ് സംഘം രക്ഷിച്ചത്. പ്രദേശവാസികളുടെ സഹകരണത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം.
ഞായറാഴ്‌ച പരാശര്‍ തടാകത്തിലേക്ക് ട്രക്കിങ് നടത്തിയ വിനോദസഞ്ചാരികളാണ് മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് പ്രദേശത്ത് കുടുങ്ങിയത്. ഉച്ചയ്ക്ക് ശേഷം ഇവിടെ കനത്ത മഞ്ഞ് വീഴ്‌ചയുണ്ടായി. വൈകീട്ടോടെ വിനോദസഞ്ചാരികള്‍ പ്രദേശത്ത് ഒറ്റപ്പെട്ടു.
Also read: അംബാല-ഡൽഹി ഹൈവേയിൽ ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് 5 പേർ കൊല്ലപ്പെട്ടു
ജില്ല ഭരണകൂടവും പൊലീസും വിവരം അറിഞ്ഞതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പ്രദേശവാസികളുടെ സഹകരണത്തോടെ കമാന്‍ഡോ പൊലീസ് സംഘം റോഡിലെ മഞ്ഞ് നീക്കി. തുടര്‍ന്ന് 40 വാഹനങ്ങളിലായി കുട്ടികള്‍ ഉള്‍പ്പടെയുള്ള വിനോദ സഞ്ചാരികളെ പുറത്തെത്തിച്ചു.
രക്ഷാപ്രവര്‍ത്തനം 12 മണിക്കൂര്‍ നീണ്ടുനിന്നെന്ന് മാണ്ഡി എസ്‌പി ശാലിനി അഗ്നിഹോത്രി പറഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കനത്ത മഞ്ഞുവീഴ്‌ചയുള്ള പ്രദേശങ്ങളിലേക്ക് പോകരുതെന്ന് അവര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.