ഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോറിൽ സ്‌ത്രീയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്‌തത് 15 കിലോ ഭാരമുള്ള മുഴ. സെഹോർ ജില്ലയിലെ തഹസിൽ അഷ്‌ടയിലെ ശീതൾ എന്ന 41കാരിയുടെ വയറ്റില്‍ നിന്നാണ് മുഴ നീക്കം ചെയ്‌തത്. രണ്ട് മണിക്കൂറോളം നീണ്ട ശസ്‌ത്രക്രിയക്കൊടുവിലാണ് ഇൻഡെക്‌സ് ഹോസ്‌പിറ്റലിലെ ഡോക്‌ടർമാർ മുഴ പുറത്തെടുത്തത്. ഇവർ ഇപ്പോൾ അപകടനില തരണം ചെയ്‌തതായും സുഖം പ്രാപിച്ച് വരുന്നതായും ഡോക്‌ടർമാർ അറിയിച്ചു.
കടുത്ത വയറുവേദനയെ തുടർന്നാണ് ശീതൾ ചികിത്സക്കായി ആശുപത്രിയിലേക്കെത്തിയത്. പരിശോധനയിൽ വയർ അമിതമായി വീർത്തിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് അണ്ഡാശയത്തിൽ മുഴ വളർന്നതായി കണ്ടെത്തിയത്. മുഴ കാരണം ഇവർക്ക് നടക്കാനും ഇരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. തുടർന്ന് എത്രയും പെട്ടന്ന് തന്നെ ശസ്‌ത്രക്രിയ നടത്താൻ ഡോക്‌ടർമാർ തീരുമാനിക്കുകയായിരുന്നു.
ഡോ. അതുൽ വ്യാസ്, ഡോ. ഗൗരവ് സക്സേന, ഡോ. ഗൗരവ് യാദവ്, ഡോ. ആശിഷ് ശർമ, ഡോ. മീനാൽ ഝല, ഡോ. വിധി ദേശായി, ഡോ. യാഷ് ഭരദ്വാജ്, ഡോ. രാജ് കേശർവാനി എന്നിവരാണ് ശസ്‌ത്രക്രിയക്ക് നേതൃത്വം നൽകിയത്. ഇവരെക്കൂടാതെ അനസ്‌തേഷ്യ സംഘത്തിൽ മറ്റ് ഏഴ് ഡോക്‌ടർമാർ കൂടി ഉണ്ടായിരുന്നു. ഓഗസ്റ്റ് എട്ടിനായിരുന്നു ശസ്‌ത്രക്രിയ നടത്തിയത്.
ഇത്തരത്തിലുള്ള മുഴകൾ കൃത്യസമയത്ത് ഓപ്പറേഷൻ ചെയ്‌ത് നീക്കിയില്ലെങ്കിൽ അത് മാരകമായി മാറുമായിരുന്നെന്ന് ശസ്‌ത്രക്രിയ നടത്തിയ സർജറി അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. ഗൗരവ് സക്‌സേന ഇടിവി ഭാരതിനോട് പറഞ്ഞു. ഇത്രയും വലിയൊരു ട്യൂമർ ചിലപ്പോൾ രോഗിയുടെ മൂത്രനാളിയെയോ ശരീരത്തിലെ മറ്റ് പ്രധാന പ്രവർത്തനങ്ങളേയോ ബാധിക്കുമായിരുന്നെന്നും അദ്ദേഹം പറയുന്നു.
'ട്യൂമര്‍ ഒരുപക്ഷേ പൊട്ടിയിരുന്നെങ്കിൽ കൂടുതൽ അപകടമായേനേ. അതുകൊണ്ടാണ് ഉടനടി നീക്കം ചെയ്യേണ്ടി വന്നത്. ഇനിയും താമസിച്ചിരുന്നെങ്കിൽ മുഴയുടെ വലിപ്പം വീണ്ടും കൂടിയേനെ.' - ഗൗരവ് സക്‌സേന വ്യക്‌തമാക്കി. രോഗിക്ക് വേദന അനുഭവപ്പെടുന്നുണ്ടായിരുന്നെന്നും അവരുടെ വയർ വളരെയധികം വീർത്ത നിലയിലായിരുന്നെന്നും ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സ്വാതി പ്രസാദ് പറഞ്ഞു.
'വൈദ്യ പരിശോധനയ്ക്ക് ശേഷം അവൾക്ക് അണ്ഡാശയ ട്യൂമർ വികസിച്ചതായി ഞങ്ങൾക്ക് മനസിലായി. ഒടുവിൽ ഒരു വലിയ ശസ്‌ത്രക്രിയ (എക്‌സ്‌പ്ലോറേറ്ററി ലാപ്രോട്ടമി) നടത്തി 15 കിലോയോളം ഭാരമുള്ള ട്യൂമർ നീക്കം ചെയ്‌തു. മധ്യപ്രദേശിലെ ആശുപത്രികളിൽ ഇതുവരെ നീക്കം ചെയ്‌തതിൽ ഏറ്റവും വലിയ ട്യൂമറുകളിൽ ഒന്നാണിത്. രോഗിയുടെ ഭാഗ്യത്തിന് ട്യൂമർ പൊട്ടുകയോ, മാരകമായി മാറുകയോ ചെയ്‌തിരുന്നില്ല. രോഗി അപകടനില തരണം ചെയ്‌ത് സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്' - ഡോ. സ്വാതി പ്രസാദ് വ്യക്തമാക്കി.
അതേസമയം ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ സംഘത്തെ ഇൻഡെക്‌സ് ഗ്രൂപ്പ് ചെയർമാൻ സുരേഷ് സിങ് ബദൗരിയ, വൈസ് ചെയർമാൻ മായങ്ക്‌രാജ് സിങ് ബദൗരിയ, ഡയറക്‌ടർ ആർ എസ് റണവത്ത്, അഡീഷണൽ ഡയറക്‌ടർ ആർ സി യാദവ്, മെഡിക്കൽ കോളജ് ഡീൻ ഡോ. ജി എസ് പട്ടേൽ എന്നിവർ അഭിനന്ദിച്ചു.