കട്ടക്ക്/ഒഡിഷ : കട്ടക്കിലെ ബിരിബതി പ്രദേശത്തെ നഹഭംഗ ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് 14 പുരാതന വിഗ്രഹങ്ങൾ കണ്ടെത്തി. പ്രദേശത്തെ ദിനബന്ധു ബെഹ്‌റ എന്നയാളുടെ വീട്ടിൽ നിന്നാണ് വിഗ്രഹങ്ങൾ ലഭിച്ചത്. വീടിനുള്ളിൽ ഭൂമിക്കടിയിലായി വിഗ്രഹങ്ങൾ ഉള്ളതായി സ്വപ്‌നം കണ്ടുവെന്നും തുടർന്ന് ഒരു ഭാഗം കുഴിച്ചപ്പോഴാണ് ഇവ കണ്ടെത്തിയതെന്നുമാണ് ഇയാളുടെ അവകാശവാദം.
ഗരുഡൻ, ത്രിമൂർത്തികൾ, ഗണേശൻ, നന്ദി, ദുർഗ്ഗാദേവി, സരസ്വതി ദേവി, രാം ദർബാർ, പഞ്ചമുഖി ഹനുമാൻ എന്നീ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ഒരു ശിവലിംഗവും ഒരു ഷാലിഗ്രാം കല്ലുമാണ് ഇയാൾക്ക് ലഭിച്ചത്. സംഭവമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പുരാതന വിഗ്രഹങ്ങൾ കാണാൻ ധാരാളം ഗ്രാമവാസികളും ബെഹ്‌റയുടെ വീട്ടിലേക്ക് എത്തുന്നുണ്ട്.