ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം (Mumbai Terror Attack) നടന്നിട്ട് ഇന്നേയ്‌ക്ക് 13 വർഷം തികയുന്നു. 2008 നവംബര്‍ 26 നാണ് സംഭവം നടന്നത്. പാകിസ്ഥാനിൽ പരിശീലനം ലഭിച്ച 10 ഭീകരര്‍ സമുദ്ര മാര്‍ഗം മുംബൈയിലെത്തുകയായിരുന്നു. തുടര്‍ന്ന്, നടന്ന ആക്രമണത്തില്‍ 18 സുരക്ഷ ഉദ്യോഗസ്ഥരും വിദേശ സഞ്ചാരികളും ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടു.
സംഭവത്തില്‍ മുന്നൂറിലേറെ പേർക്ക് പരിക്കേല്‍ക്കുകയുണ്ടായി. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്‌മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്‍റിലെ ഒബ്‌റോയി ട്രൈഡന്‍റ് ഹോട്ടല്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. കുറ്റവാളികളെ ശിക്ഷിക്കണമെന്ന് രാജ്യം ആവശ്യപ്പെട്ടെങ്കിലും പാകിസ്ഥാൻ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണുണ്ടായത്. ഭീകരർ ലഷ്‌കർ-ഇ-ത്വയ്ബ അംഗങ്ങളാണെന്നും കറാച്ചിയിൽ നിന്നാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നും ഇന്ത്യ ആരോപിച്ചു.
പിടിയിലായ ഭീകരവാദി കസബ് മാത്രം; ഒടുവില്‍ വധശിക്ഷ
തീവ്രവാദ വിരുദ്ധസേന തലവന്‍ ഹേമന്ദ് കര്‍ക്കറെ, വിജയ് സലസ്‌കര്‍, മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് കടുത്ത പോരാട്ടത്തിനൊടുവില്‍ കൊല്ലപ്പെട്ടത്. നവംബർ 26 ന് തുടങ്ങിയ ഭീകരാക്രമണം 60 മണിക്കൂര്‍ നീണ്ടുനിന്നു.
നവംബർ 26 ന് ആക്രമിക്കപ്പെട്ട സ്ഥലങ്ങൾ സൈന്യം തിരിച്ചു പിടിക്കുന്നത് വരെ ആക്രമണം നീണ്ടു. ഭീകരരിൽ ഒന്‍പത് പേര്‍ സുരക്ഷ സേനയുടെ വെടിയേറ്റു മരിച്ചു. ഈ ആക്രമണ പരമ്പരക്ക് ശേഷം ജീവനോടെ പിടിയിലായ ഏക തീവ്രവാദിയാണ് അജ്‌മല്‍ കസബ്.
2012 നവംബർ 21ന് രാവിലെ 7.30ന് പൂനെയിലെ യെർവാദ ജയിലിൽ അജ്‌മല്‍ കസബിനെ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കി. ഹാഫിസ് മുഹമ്മദ് സയീദ്, സക്കീർ റഹ്മാൻ ലഖ്വി എന്നിവര്‍ അടങ്ങുന്ന തീവ്രവാദ ഗ്രൂപ്പാണ് ആക്രമണത്തിന് ആസൂത്രണം നടത്തിയതെന്ന് ഇന്ത്യ ആരോപിച്ചു. എന്നാല്‍ പാകിസ്ഥാന്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ രാജ്യത്തിന് നടപടി സ്വീകരിക്കാനായില്ല.
അനിശ്ചിതകാലത്തേക്ക് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് വിള്ളല്‍ വീഴ്‌ത്താന്‍ ഈ സംഭവത്തിനായി.