സൂറത്ത്: എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർഥിയായ ദ്രൗപതി മുർമുവിനെ കുറിച്ചുള്ള പുസ്‌തകം എഴുതി ശ്രദ്ധേയയായിരിക്കുകയാണ് ഗുജറാത്തിൽ നിന്നുള്ള 13കാരിയായ ഭവിക മഹേശ്വരി. മുർമുവിന് പിന്തുണയറിയിച്ചുകൊണ്ട് പുസ്‌തകം എഴുതി എന്നുമാത്രമല്ല, അത് ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത് പ്രമുഖ നേതാക്കളുടെ പിന്തുണ അഭ്യർഥിക്കുകയും ചെയ്‌തു ഈ കൊച്ചുമിടുക്കി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരെ പോസ്റ്റിൽ ടാഗ് ചെയ്‌തുകൊണ്ടാണ് ഭവിക പിന്തുണ തേടിയത്.
ദ്രൗപതി മുർമുവിനായി 'പ്രചാരണ' പുസ്‌തകമെഴുതാൻ തന്നെ പ്രേരിപ്പിച്ച ഘടകങ്ങളെ കുറിച്ചും ഭവിക വെളിപ്പെടുത്തി. അടുത്തിടെ രാഷ്ട്രപതി ഭവൻ സന്ദർശിച്ചപ്പോഴാണ് തന്‍റെ അച്ഛനിൽ നിന്നും ദ്രൗപതി മുർമുവിനെ കുറിച്ച് അറിയുന്നതെന്ന് ഭവിക പറയുന്നു. ഒരുപക്ഷെ മുർമു തെരഞ്ഞെടുക്കപ്പെട്ടാൽ ആദിവാസി സമൂഹത്തിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ രാഷ്‌ട്രപതിയായിരിക്കും അവർ എന്ന അച്ഛന്‍റെ വാക്കുകളും ഭവികയ്‌ക്ക് പ്രചോദനമായി.
മുർമുവിനായി പുസ്‌തകം: തുടർന്ന് ഇന്‍റർനെറ്റിലും മറ്റും മുർമുവിനെക്കുറിച്ചുള്ള പുസ്‌തകങ്ങൾ അന്വേഷിക്കാൻ തുടങ്ങി. എന്നാൽ കഷ്‌ടപ്പാടുകളും പോരാട്ടവും നിറഞ്ഞ അവരുടെ ജീവിതത്തിലേക്ക് ജനങ്ങളെ എത്തിക്കുന്ന സ്രോതസ്സുകളൊന്നും ലഭ്യമല്ലെന്ന് മനസിലാക്കി. ഇതിൽ നിന്നാണ് മുർമുവിന്‍റെ ജീവിതത്തിലേക്ക് വെളിച്ചം വീശാൻ ഒരു പുസ്‌തകം എഴുതുക എന്ന ആശയത്തിലേക്ക് എത്തുന്നതെന്ന് ഭവിക പറയുന്നു.
ചേരിയിൽ ജനിച്ച് രാഷ്‌ട്രപതി സ്ഥാനാർഥിയാകുക എന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്‍റെ സൗന്ദര്യത്തെയാണ് തുറന്നുകാട്ടുന്നത്. എല്ലാ തടസങ്ങളും മറികടന്ന് ദ്രൗപതി മുർമു രാഷ്‌ട്രപതിയായാൽ അത് ലോകത്തിനാകെ വലിയൊരു സന്ദേശം നൽകുന്നു എന്ന് മാത്രമല്ല, സ്ത്രീ ശാക്തീകരണത്തിന് തന്നെയും വലിയൊരു ഉത്തേജനമായി മാറുമെന്നും ഈ 13കാരി പറയുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ഹിന്ദി ഭാഷയിലുള്ള തന്‍റെ ഇ-ബുക്കിന്‍റെ അച്ചടി രൂപം പ്രസിദ്ധീകരിക്കുമെന്ന് ഭാവിക പറഞ്ഞു. കൂടാതെ തന്‍റെ പുസ്‌തകം ഇംഗ്ലീഷ്, ഗുജറാത്തി, ഒറിയ ഭാഷകളിലും പ്രസിദ്ധീകരിക്കുമെന്ന് ഭവിക കൂട്ടിച്ചേർത്തു.