കാഠ്‌മണ്ഡു: ഗോർഖയിലെ ബാർപാക് ഗ്രാമത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് കൊവിഡ് രോഗികൾ ഉൾപ്പെടെ മരിച്ചത് 13പേർ. കൊവിഡിന് സമാനമായ ലക്ഷണങ്ങൾ മറ്റ് മരണപ്പെട്ടവരിലും ഉണ്ടെന്നാണ് റിപ്പോർട്ട്. ബാർപാക്കിലേക്ക് ഡോക്‌ടർമാരുടെ ടീമുകളെ ആവശ്യമായ ഉപകരണങ്ങളും മരുന്നുകളുമായി അയച്ചിട്ടുണ്ടെന്ന് ഗന്ധകി ആരോഗ്യ ഡയറക്‌ടറേറ്റ് ഡയറക്‌ടർ ഡോ. ബിനോദ്ബിന്ദു ശർമ്മ അറിയിച്ചു.
പ്രദേശത്തെ ഒന്ന്, രണ്ട് വാർഡുകളിലെ ആളുകളുടെ അസാധാരണ മരണത്തെക്കുറിച്ച് സുലിക്കോട്ട് റൂറൽ മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ അറിയിച്ചതിനെത്തുടർന്നാണ് ഡോക്‌ടർമാർ, നഴ്‌സുമാർ, ലബോറട്ടറി ടെക്‌നീഷ്യന്മാർ തുടങ്ങിയവരുടെ ടീമുകളെ ഗ്രാമത്തിലേക്ക് വിന്യസിച്ചതെന്നും ഡോക്‌ടർ പറഞ്ഞു. കമ്മ്യൂണിറ്റി ലെവൽ കൊവിഡ് ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്നറിയാൻ പ്രവിശ്യയിലുടനീളമുള്ള കമ്മ്യൂണിറ്റികളോടും ഡയറക്‌ടറേറ്റ് ആവശ്യപ്പെട്ടു. ഇതിനായി ടോൾ ഫ്രീ നമ്പറായ 1092 ലേക്ക് വിളിക്കാനും ആളുകളോട് നിർദേശിച്ചിട്ടുണ്ട്.
അതേസമയം പിസിആർ പരിശോധനയ്ക്കായി ജില്ലയിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ പ്രദേശവാസികളുടെ സാമ്പിളുകൾ ശേഖരിച്ചു തുടങ്ങിയതായി ചീഫ് ഡിസ്ട്രിക്‌ട് ഓഫീസർ ശാലിഗ്രാം ശർമ പൗഡൽ അറിയിച്ചു. ബാർപാക്കിൽ 1,500 വീടുകളിലായി 6,000ത്തോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വൈറസ് ബാധയെ കുറിച്ചുള്ള അവബോധം സൃഷ്‌ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേപ്പാളിൽ വെള്ളിയാഴ്ച 6,855 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 549,111ആയി. രാജ്യത്ത് ആകെ ആക്‌റ്റീവ് കേസുകളുടെ എണ്ണം 113,394 ആണ്. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് വെള്ളിയാഴ്ച 96 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ മരണസംഖ്യ 7,047 ആയി ഉയർന്നു.