കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ ആകെ 14 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. 17 പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നു. ജൽപൈഗുരിയിലെ ധൂപ്ഗുരി നഗരത്തിൽ ചൊവ്വാഴ്‌ച അർധരാത്രിയാണ് ട്രക്കും കാറും വാനും കൂട്ടിയിടിച്ചത്. മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച വ്യക്തമാകാത്തതാണ് അപകടത്തിനിടയാക്കിയത് എന്നാണ് കരുതപ്പെടുന്നത്.
പാറയുമായി വന്ന ട്രക്കും മാരുതി വാനും കാറുമാണ് അപടത്തിൽ പെട്ടത്. മൈനഗുരി- ധൂപ്‌ഗുരി അതിർത്തിയിലെ ദേശീയ പാതയിലാണ് അപകടം. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.