സിതാമർഹി(ബിഹാർ) : ബിഹാറിൽ നാല് വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത 12 വയസുകാരൻ പിടിയിൽ. ബിഹാറിലെ സിതാമർഹിയിലാണ് സംഭവം. മുത്തശ്ശിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടി വീടിന് പുറത്തുനിന്ന് കളിക്കുന്നതിനിടെയാണ് സ്ഥലത്തെത്തിയ ആറാം ക്ലാസുകാരന്‍ പീഡിപ്പിച്ചത്.
ചോരയൊലിപ്പിച്ച് വീട്ടിലെത്തിയ പെൺകുട്ടി തനിക്ക് നേരിട്ട ദുരനുഭവം വീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ വീട്ടുകാർ പെണ്‍കുട്ടിയെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ പെണ്‍കുട്ടിയുടെ മുത്തശ്ശി നാൻപൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലിൽ അശ്ലീല വീഡിയോകൾ കണ്ടതിന് ശേഷമാണ് കുറ്റം ചെയ്‌തതെന്ന് ആണ്‍കുട്ടി സമ്മതിച്ചതായും പ്രതിയെ ജുവനൈൽ ഹോമിലേക്ക് അയച്ചതായും നാൻപൂർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് രാകേഷ് രഞ്ജൻ ഝാ പറഞ്ഞു.
കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയിലെ ബീഡിൽ അന്ധയായ സ്‌ത്രീയുടെ മൂന്ന് വയസുള്ള മകളെ അജ്ഞാതർ ഭക്ഷണം കാണിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് അന്വേഷണം നടത്തിവരികയാണ്.