ബെംഗളൂരു: നവംബർ 25ന് ശേഷം യു.കെയിൽ നിന്ന് മടങ്ങിയെത്തിയ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കർണാടക ആരോഗ്യ മന്ത്രി കെ. സുധാകർ. ഇത് ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് ആണോ എന്നറിയാനായി ഇവരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതായും ഉടൻ പരിശോധനാഫലം ലഭിക്കുമെന്നും കെ. സുധാകർ അറിയിച്ചു.
കൊവിഡ് പോസിറ്റീവ് ആയ 10 രോഗികളുടെയും റിപ്പോർട്ടുകൾ ലഭിച്ചതിനുശേഷം മാത്രമേ തുടർ നടപടിയെടുക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. നവംബർ 25 മുതൽ ഡിസംബർ 22 വരെ 2500 ഓളം പേർ യു.കെയിൽ നിന്ന് എത്തിയിട്ടുണ്ടെന്നും ഇവരെ പരിശോധനക്ക് വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തെ നിലവിലെ കൊവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.22 ശതമാനവുമാണ്.