ചെന്നൈ: കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് പിടികൂടി. 1.2 കിലോഗ്രാം മെത്താംഫെറ്റാമൈനാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. തിരുച്ചിറപ്പള്ളി തുവക്കുടി സ്വദേശി നാഗരതിനം (44) എന്ന വ്യക്തിയുടെ ബ്രീഫ്‌കെയ്‌സിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ ഈ മയക്കുമരുന്നിന് ഒരു കോടിയിലധികം രൂപയാണ് വില കണക്കാക്കുന്നത്.
ഷാർജയിലേക്കുള്ള വിമാനത്തിൽ കയറുന്നതിനു തൊട്ടുമുൻപാണ് ഇയാളെ പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു. എയർപോർട്ട് മെയിൻ ഗേറ്റിന് മുന്നിൽ വച്ച് തന്‍റെ സുഹൃത്ത് തനിക്ക് സ്യൂട്ട്കേസ് കൈമാറിയെന്നാണ് ഇയാൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. സ്യൂട്ട്‌കേസ് സ്‌കാൻ ചെയ്‌ത സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇത് മെത്താംഫെറ്റാമൈൻ ആണെന്ന് സ്ഥിരീകരിച്ചു.
നാഗരതിനത്തെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.