'അരിക്കൊമ്പന്‍' കടയ്ക്ക് പിന്നാലെ ; മൂന്നാറിൽ സൂപ്പർമാർക്കറ്റിന് 'പടയപ്പ'യെന്ന് പേര് - പടയപ്പ സൂപ്പർമാർക്കറ്റ്
Published : Feb 2, 2024, 7:56 AM IST
ഇടുക്കി: പുതുതായി തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റിന് പേര് 'പടയപ്പ'യെന്ന്. ജനവാസ മേഖലയിലെ സ്ഥിര സാന്നിധ്യമാണ് കാട്ടുകൊമ്പൻ പടയപ്പ. അതിനോടുള്ള ആരാധനയെ തുടര്‍ന്നാണ് ഒരുസംഘം യുവ സംരംഭകര്‍, സ്ഥാപനത്തിന് ആ പേര് നൽകിയിരിക്കുന്നത്. ഇക്കാ നഗർ സ്വദേശി എ.രമേശിന്‍റെ ഉടമസ്‌ഥതയിൽ ഉള്ളതാണ് കെട്ടിടം. പതിറ്റാണ്ടുകളായി പിതാവ് എ എം സ്‌റ്റോഴ്‌സ് എന്ന പേരിൽ പലചരക്ക് കട നടത്തിവരികയായിരുന്നു. അടുത്ത കാലത്ത് രമേശ് കടയുടെ സാരഥ്യം ഏറ്റെടുത്തതോടെ സുഹൃത്തുക്കളായ പ്രദീപ്, വിജയകുമാർ, രമേശ് കുമാർ എന്നിവരെ പങ്കാളികളാക്കി കട പുതുക്കിപ്പണിതു. ഇതോടെയാണ് സുഹൃത്തുക്കൾ നാലുപേരും ചേർന്ന് കടയുടെ പേര് മാറ്റാൻ തീരുമാനിച്ചത്. പുതിയ പേര് കണ്ടെത്തുന്നതിനുള്ള ചർച്ചകൾക്കിടെയാണ് പടയപ്പയെന്ന് ഇടാന്‍ ഇവര്‍ ഒറ്റക്കെട്ടായി തീരുമാനിച്ചത്. മൂന്നാർ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ അനേകം വാഹനങ്ങൾക്ക് പടയപ്പ എന്ന പേര് ഉണ്ട്. എന്നാല്‍ ഒരു സ്‌ഥാപനത്തിന് ഇതാദ്യമായാണ് ഈ പേര് നൽകുന്നത്. പടയപ്പയുടെ ചിത്രം ഉൾപ്പെടുത്തിയാണ് സ്ഥാപനത്തിന്‍റെ ബോർഡ് വച്ചിരിക്കുന്നത്. നേരത്തെ അരിക്കൊമ്പന്‍ എന്ന് ഇടുക്കിയില്‍ ഒരു കടയ്ക്ക് പേരിട്ടിരുന്നു.