ആരോഗ്യമുള്ള സ്ത്രീ സമൂഹം, വനിതാ ഫിറ്റ്‌നെസ് സെൻ്ററുമായി കോട്ടയം വിജയപുരം പഞ്ചായത്ത് - Womens Fitness Centre
Published : Mar 10, 2024, 4:16 PM IST
കോട്ടയം: വനിത ഫിറ്റ്‌നെസ് സെൻ്ററുമായി കോട്ടയം വിജയപുരം പഞ്ചായത്ത്. പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 22 ലക്ഷം രൂപ ചിലവഴിച്ച് ആധുനിക സൗകര്യങ്ങളുള്ള ഫിറ്റ്‌നെസ് സെൻ്റർ വനിത ദിനത്തിലാണ് തുറന്നത്. കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണനും ജില്ലാ കലക്‌ടർ വി വിഗ്നേശ്വരിയും ചേർന്ന് ഫിറ്റ്‌നെസ് സെൻ്റർ ഉദ്ഘാടനം ചെയ്‌തു. ആരോഗ്യമുള്ള സ്ത്രീ സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലാണ് കോട്ടയം വിജയപുരം പഞ്ചായത്ത് ഫിറ്റ്‌നെസ് സെൻ്റർ ഒരുക്കിയിരിക്കുന്നത്. വനിതകളിൽ പലരും ജീവിതശൈലി രോഗങ്ങൾക്കടിമപ്പെടുന്നത് കണ്ടതു കൊണ്ടാണ് അവരുടെ ആരോഗ്യ സംരക്ഷണത്തിന് പഞ്ചായത്ത് പദ്ധതി ഒരുക്കിയത്. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ 2000 സ്ക്വയർ ഫീറ്റിലാണ് വനിതാ ഫിറ്റ്‌നെസ് സെൻ്റർ സജ്ജമാക്കിയിരിക്കുന്നത്. വ്യായാമത്തിനുള്ള ആധുനിക രീതിയിലുള്ള ഉപകരണങ്ങളാണ് ഫിറ്റ്‌നെസ് സെൻ്ററിൻ ഒരുക്കിയിരിക്കുന്നത്. ഫിറ്റ്‌നെസ് കേന്ദ്രങ്ങൾ അമിത ഫീസ് ഈടാക്കുമ്പോൾ ഇത് കുറഞ്ഞ ഫീസിലാണ് പ്രവര്‍ത്തിക്കുക. 300 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. 500 രൂപയാണ് പ്രതിമാസ ഫീസ്. ജില്ലാ കലക്‌ടർ വി വിഗ്നേശ്വരിക്ക് പുറമെ
പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രജനി സന്തോഷ്, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ലിബി ജോസ് ഫിലിപ്പ്, മിഥുൻ ജി തോമസ് ജെസി ജോൺ, ബിന്ദു ജയചന്രൻ, ബിജു പി റ്റി, അനീഷ് എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി ടി സോമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.