വീട്ടമ്മയെ സ്വിമ്മിംഗ് പൂളിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം: ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ് - സ്വിമ്മിംഗ് പൂളിൽ വീട്ടമ്മയുടെ ജഡം
Published : Jan 24, 2024, 10:55 PM IST
ഇടുക്കി: വാഴവരയിൽ സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. വാഴവര മോർപ്പാളയിൽ എം ജെ എബ്രഹാമിന്‍റെ ഭാര്യ ജോയ്‌സ് (52)ആണ് ആത്മഹത്യ ചെയ്‌തത്. കഴിഞ്ഞ ഡിസംബർ 1നാണ് ജോയ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഴവരയിൽ എബ്രഹാമിൻ്റെ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള വീടിനോട് ചേർന്നുള്ള ഫാമിലെ സ്വിമ്മിംഗ് പൂളിലാണ് ജോയ്‌സിൻ്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. വീട്ടമ്മയുടെ ശരീരത്തിൽ എഴുപത് ശതാമനത്തിലധികം തീപ്പൊള്ളലേറ്റതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തീപിടിച്ചത് എങ്ങനെയെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിനൊടുവിലാണ് ഇവർ ആത്മഹത്യ ചെയ്‌തതാണെന്നുള്ള നിഗമനത്തിൽ പൊലീസ് എത്തിയത്. ജോയ്‌സ് വിഷാദത്തിലാരുന്നുവെന്നും മുൻപും ആത്മഹത്യ പ്രവണത പ്രകടമാക്കിയിരുന്നതായും പൊലീസ് പറയുന്നു. എബ്രഹാമിന്‍റെ സഹോദരൻ ഷിബുവിൻ്റെ ഫാമുള്ള തറവാട് വീട്ടിലാണ് തീ കൊളുത്തി ആത്മഹത്യ ചെയ്‌തത്. തുടർന്ന് പ്രാണരക്ഷാർത്ഥം തൊട്ടടുത്ത സ്വിമ്മിംഗ് പൂളിലേയ്ക്ക് എടുത്തു ചാടിയെന്നാണ് പൊലീസ് കണ്ടെത്തൽ. വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ അടുക്കളയിൽ ഡീസലിൻ്റെ അംശം കണ്ടെത്തിയിരുന്നു. കാനഡയിൽ മകന്‍റെ ഒപ്പമായിരുന്ന ജോയ്‌സും, ഭർത്താവ് എം ജെ എബ്രഹാമും അടുത്തിടെയാണ് തിരികെ നാട്ടിലെത്തിയത്.