കടകള്‍ തകര്‍ത്ത് പരാക്രമം ; മൂന്നാർ എക്കോ പോയിന്‍റിനെ മുള്‍മുനയില്‍ നിര്‍ത്തി പടയപ്പ - കാട്ടുകൊമ്പൻ പടയപ്പ
Published : Jan 23, 2024, 12:27 PM IST
ഇടുക്കി : പ്രമുഖ വിനോദസഞ്ചാര കേന്ദ്രവും നൂറുകണക്കിന് സന്ദര്‍ശകര്‍ എത്തുന്നതുമായ മൂന്നാർ എക്കോ പോയിന്‍റിൽ പകല്‍ നേരത്ത് ഇറങ്ങിയ പടയപ്പ നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തി (Wild Elephant Padayappa). രാവിലെയും വൈകിട്ടും ഇറങ്ങിയ പടയപ്പ നിരവധി കടകള്‍ തകര്‍ത്തു. റോഡില്‍ നിലയുറപ്പിച്ചത് ഗതാഗത തടസങ്ങള്‍ക്കും കാരണമായി. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയാണ് പടയപ്പ എക്കോ പോയിന്‍റിലെ കടകള്‍ക്കുസമീപം എത്തിയത്. രാവിലെ ആയതിനാല്‍ വലിയ തിരക്ക് ഉണ്ടായിരുന്നില്ല.വഴിയോരത്തെ രണ്ടുകടകൾ തകര്‍ത്ത പടയപ്പ ഉള്ളിലുണ്ടായിരുന്ന ഭക്ഷണം അകത്താക്കുകയും ചെയ്‌തു. അൽപ്പനേരത്തിനകം തന്നെ നിരവധി ആളുകള്‍ ഇവിടെയെത്തുകയും ബഹളം വയ്ക്കുകയും ചെയ്‌തതോടെ കാട്ടുകൊമ്പന്‍ കാടുകയറുകയും ചെയ്‌തു. എന്നാല്‍ സന്ധ്യയോടെ എത്തിയ പടയപ്പ വീണ്ടും കടകള്‍ തകര്‍ത്തു. തുടര്‍ന്ന് ഏറെ നേരം റോഡില്‍ നിലയുറപ്പിക്കുകയും ചെയ്‌തു. ഇത് അൽപ്പനേരം ഗതാഗത തടസ്സം ഉണ്ടാക്കി. കഴിഞ്ഞ ദിവസം പെരിയവര എസ്റ്റേറ്റില്‍ എത്തിയ പടയപ്പ കൃഷികള്‍ നശിപ്പിച്ചിരുന്നു. എതാനും നാളുകള്‍ക്ക് മുമ്പ് ലോക്കാട് എസ്‌റ്റേറ്റിലെ റേഷന്‍ കട തകര്‍ത്ത് കാട്ടാന അരി ഭക്ഷിച്ചിരുന്നു.