കക്കയത്ത് കാട്ടുപോത്ത് ആക്രമണം; രണ്ട് വിനോദ സഞ്ചാരികള്‍ക്ക് പരിക്ക് - കാട്ടുപോത്ത് ആക്രമണം
Published : Jan 20, 2024, 7:31 PM IST
കോഴിക്കോട്: കക്കയം ഡാമിന് സമീപം വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടുപോത്തിന്‍റെ ആക്രമണം. രണ്ട് പേര്‍ക്ക് പരിക്ക്. എറണാകുളം ഇടപ്പള്ളി സ്വദേശിയായ നീതു ഏലിയാസ് (32) മകള്‍ ആന്‍മരിയ (4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് (ജനുവരി 20) വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കക്കയം ഡാമിന് സമീപമുള്ള കുട്ടികളുടെ പാര്‍ക്കില്‍ വച്ചാണ് കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്. പാര്‍ക്കിന് സമീപം നില്‍ക്കുന്ന സഞ്ചാരികളുടെ അടുത്തേക്ക് കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവരെല്ലാം ഓടി രക്ഷപ്പെട്ടു. ഇതിനിടെയാണ് നീതുവിനും മകള്‍ ആന്‍മരിയ്‌ക്കും കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്. പരിക്കേറ്റ ഇരുവരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു (Kakkayam Dam In Kozhikode). നീതുവിന്‍റെ നില ഗുരുതരമാണ്. ആക്രമണത്തില്‍ വാരിയെല്ലിനും തലയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. എറണാകുളത്ത് നിന്നും കഴിഞ്ഞ ദിവസമാണ് നീതു ഏലിയാസും മകള്‍ ആന്‍മരിയയും കോഴിക്കോട് കൂടരഞ്ഞിയിലെ ബന്ധുവീട്ടിലെത്തിയത്. വിരുന്നെത്തിയ ഇരുവരും ഡാം സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. മേഖലയില്‍ അടുത്തിടെയായി കാട്ടുപോത്തുകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അടുത്തിടെ മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ ജനവാസ മേഖലയിലും കാട്ടുപോത്തിറങ്ങിയിരുന്നു. നിലമ്പൂര്‍ മഞ്ചേരി പാതയിലെ വടപുറത്താണ് കാട്ടുപോത്ത് എത്തിയത്. റോഡ് മുറിച്ച് കടന്ന് വടപുറം അങ്ങാടിയിലെത്തിയ കാട്ടുപോത്ത് വിവിധയിടങ്ങളില്‍ നിലയുറപ്പിച്ചത് ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു.