വയനാട്ടിൽ കാട്ടുപന്നിയുടെ ആക്രമണം : വിദ്യാര്‍ഥിനിക്ക് പരിക്ക് - Wild boar attack
Published : Mar 5, 2024, 1:56 PM IST
കൽപ്പറ്റ : വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം. മദ്രസാപഠനം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായി. സംഭവത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. കൽപ്പറ്റ കോട്ടത്തറ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി സഹനയ്ക്കാണ് (14) പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. കൽപ്പറ്റ കോട്ടത്തറ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്‌കൂളിന് സമീപത്തെ കരിഞ്ഞകുന്ന് വയലില്‍വച്ചാണ് കാട്ടുപന്നി സഹനയെ ആക്രമിച്ചത്. വയലിലെത്തിയപ്പോള്‍ കാട്ടുപന്നി തന്‍റെ നേരെ ഓടി വന്നതായും ആക്രമണം കൈകൊണ്ട് തടുക്കാന്‍ ശ്രമിച്ചപ്പോള്‍ മറിഞ്ഞ് വീണെന്നും സഹന പറഞ്ഞു. ഇതോടെ പന്നി സഹനയുടെ ദേഹത്ത് ചവിട്ടി ഓടി പോവുകയായിരുന്നു. കൈക്കും, കാലിനും പരിക്കേറ്റ വിദ്യാര്‍ഥിനിയെ കല്‍പ്പറ്റ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണം നടന്ന പ്രദേശത്ത് തന്നെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വാഹനം മറിച്ചിട്ട് കാട്ടുപന്നി പരിഭ്രാന്തി സൃഷ്‌ടിച്ചിരുന്നു. കേരളത്തില്‍ ഏറ്റവുമധികം വന്യമൃഗ ശല്യവും ആക്രമണവും അനുഭവപ്പെടുന്നത് വയനാട്, ഇടുക്കി ജില്ലകളിലാണ്.