മുഖ്യമന്ത്രി വയനാട്ടിലെത്തണം; വനംമന്ത്രിയെ തല്‍സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നും എംഎല്‍എമാര്‍ - വനംമന്ത്രിയ്‌ക്കെതിരെ എംഎല്‍എമാര്‍
Published : Feb 17, 2024, 10:19 PM IST
പുല്‍പ്പള്ളി: മുഖ്യമന്ത്രി അടിയന്തരമായി വയനാട്ടിലെത്തണമെന്നും, വനംമന്ത്രിയെ എത്രയും വേഗം തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്നും എംഎല്‍എ മാരായ അഡ്വ. ടി സിദ്ധിഖും, ഐ സി ബാലകൃഷ്‌ണനും ആവശ്യപ്പെട്ടു. പുല്‍പ്പള്ളിയില്‍ ഉദ്യോഗസ്ഥര്‍ നേരത്തെ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നു. സര്‍ക്കാരാണ് ജില്ലാ കലക്‌ടറോട് അവിടേക്ക് പോകരുതെന്ന് നിര്‍ദേശിച്ചത്. അതാണ് പ്രശ്‌നം ഇത്രയേറെ വഷളാകാന്‍ കാരണം. കോഴിക്കോട് ജില്ലയിലുണ്ടായിട്ടും മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പോളിന്‍റെ മൃതദേഹം കാണാനോ, അവിടെ സന്ദര്‍ശിക്കാനോ വനം മന്ത്രി എ കെ ശശീന്ദ്രന്‍ തയ്യാറായിട്ടില്ല. ഇത് ഖേദകരമായ സംഭവമാണ്. ഒരുപാട് ചര്‍ച്ചകളും തീരുമാനങ്ങളുമെടുത്തെങ്കിലും അതൊന്നും നടപ്പിലാക്കാന്‍ ആവശ്യമായ നടപടികളുണ്ടാകുന്നില്ല. ഇതാണ് വീണ്ടും വീണ്ടും വന്യമൃഗശല്യം ഇതുപോലെ രൂക്ഷമാകാനും മനുഷ്യജീവന്‍ നഷ്‌ടമാക്കാനുള്ള സാഹചര്യമുണ്ടാക്കുന്നതും. അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് വയനാട് കടന്നുപോകുന്നത്. എന്നാല്‍ ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ട സര്‍ക്കാരും വനംവകുപ്പും വളരെ ലാഘവത്തോടെയാണ് പ്രശ്‌നങ്ങളെ നോക്കികാണുന്നതെന്നും ഇരുവരും കുറ്റപ്പെടുത്തി. മൂന്ന് ആഴ്‌ചക്കിടെ മൂന്ന് മനുഷ്യജീവനുകളും, കടുവയുടെ ആക്രമണത്തിനിരയായി യുവാവിന്‍റെ ജീവന്‍ നഷ്‌ടമായിട്ടും വനംമന്ത്രിയുള്‍പ്പെടെ മന്ത്രിമാരില്‍ ഒരാള്‍ പോലും ഇവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ തയ്യാറാകാത്തത് അതിന് തെളിവാണെന്നും എംഎല്‍എമാര്‍ കൂട്ടിച്ചേര്‍ത്തു.