പുതിയ പ്രസിഡന്‍റിനെ ചൊല്ലി പഞ്ചായത്തില്‍ കൂട്ടത്തല്ല്; ഏറ്റുമുട്ടി വനിത അംഗങ്ങളും - ldf
Published : Feb 2, 2024, 4:44 PM IST
കൊല്ലം : വിളക്കുടി പഞ്ചായത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ യോഗത്തിനിടെ കൂട്ടത്തല്ല് (Vilakkudi Panchayath meeting LDF UDF clash). കൂറുമാറ്റത്തിലൂടെ അധികാരത്തിലെത്തിയ പഞ്ചായത്ത് പ്രസിഡന്‍റ് രാജിവയ്ക്കണമെന്ന് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിനെ ഇടത് അംഗങ്ങള്‍ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. വനിത അംഗങ്ങള്‍ ഉള്‍പ്പെടെ സംഘര്‍ഷത്തില്‍ ഏർപ്പെട്ടത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് കമ്മിറ്റി മാറുകയും കൂറുമാറ്റത്തിലൂടെ പുതിയ പ്രസിഡന്‍റ് അധികാരത്തിലെത്തുകയും ചെയ്‌തത്. കോണ്‍ഗ്രസ് അംഗമായ ശ്രീകലയാണ് എല്‍ഡിഎഫിന്‍റെ പിന്തുണയോടെ നിലവില്‍ പ്രസിഡന്‍റായിരിക്കുന്നത്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഒരംഗം വോട്ടുമാറി എല്‍ഡിഎഫിന് ചെയ്‌തതോടെയാണ് പുതിയ പ്രസിഡന്‍റ് അധികാരമേറ്റത്. ഇതോടെ കൂറുമാറ്റമെന്ന ആരോപണം യുഡിഎഫ് ഉയര്‍ത്തുകയും പിന്നീട് പ്രസിഡന്‍റിനെതിരെ പ്രതിഷേധിക്കുകയും ചെയ്‌തു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മിലുള്ള വാക്കേറ്റം വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇരുവിഭാഗത്തിലെ അംഗങ്ങള്‍ക്കും പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. ഒടുവിൽ പൊലീസ് എത്തിയാണ് സംഭവസ്ഥലത്തുനിന്നും പഞ്ചായത്ത് അംഗങ്ങളെ പിരിച്ചുവിട്ടത്. സംഭവത്തിന്‍റെ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു.