ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ബജറ്റ് അവതരണം - തത്സമയം - യൂണിയന്‍ ബഡ്‌ജറ്റ് 2024
Published : Feb 1, 2024, 10:50 AM IST
|Updated : Feb 1, 2024, 12:01 PM IST
ന്യൂഡല്‍ഹി : കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നു (Union Interim Budget 2024). ഏപ്രിൽ-ജൂലൈ കാലയളവിലെ ചെലവുകൾ മുന്‍നിര്‍ത്തി ഇടക്കാല ബജറ്റാണ് ഇത്തവണത്തേത്. പുതിയ സർക്കാർ അധികാരമേറ്റശേഷമാണ് സമ്പൂർണ ബജറ്റ് ഉണ്ടാവുക. പതിവ് ഹൽവ ചടങ്ങ് ന്യൂഡൽഹിയിലെ നോർത്ത് ബ്ലോക്കിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍റെയും കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കിഷന്‍ റാവു കരാഡിന്‍റെയും സാന്നിധ്യത്തിൽ നടന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയ ശേഷമുള്ള 10-ാം ബജറ്റാണിത്. നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ആറാമത്തേതും. മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത്തെ ഇടക്കാല ബജറ്റുകൂടിയാണിത്. തെരഞ്ഞെടുപ്പ് വർഷത്തിൽ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്ന പാരമ്പര്യം തന്‍റെ സർക്കാർ പിന്തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയുള്ളതാകും ഇത്തവണത്തെ ബജറ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപദി മുര്‍മുവും നാരീശക്തിയെപ്പറ്റി ഊന്നിപ്പറഞ്ഞിരുന്നു. അതിനാൽ സര്‍ക്കാര്‍ വനിതകളെ ലക്ഷ്യമിട്ട് എന്തെങ്കിലും പദ്ധതി കരുതിവച്ചിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ.